കരുവാറ്റ : ആയാപറമ്പ് ആലുംചുവട് റെയിൽവേ ഗേറ്റിൽനിന്നു ചെറുതന വെട്ടുവേലിൽ ക്ഷേത്രത്തിലേക്കുള്ള റോഡ് തകർന്നത് യാത്ര ദുരിതത്തിലാക്കുന്നു. മഴ തുടങ്ങിയതോടെ റോഡ് മുഴുവൻ വെള്ളക്കെട്ടാണ്. ടാറിങ് ഇളകി തകർന്ന റോഡിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. റെയിൽവേ ട്രാക്കുകൾക്ക് ഇരുവശങ്ങളിലുമുള്ള നിശ്ചിത ദൂരം റോഡ് റെയിൽവേയുടെ നിയന്ത്രണത്തിൽ വരുന്നതിനാൽ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും റെയിൽവേ അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
മണ്ണാറശാല-ആയാപറമ്പ് റോഡിൽ ആലുംചുവട് റെയിൽവേ ഗേറ്റിൽനിന്നു വെട്ടുവേലിൽ ക്ഷേത്രം, ചെറുതന പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന വഴിയാണിത്. ബ്ലോക്ക് ജങ്ഷൻ, ചക്കൂരേത്ത് വഴി ചെറുതന പഞ്ചായത്ത് ഓഫീസിനു സമീപത്ത് എത്തുന്ന റോഡിൽ ഇതുവഴി എത്താം. പഞ്ചായത്ത് ഓഫീസിലേക്കുള്ളവരും ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളും കൂടുതൽ ഇതുവഴിയാണ് പോകുന്നത്. മഴപെയ്താൽ റോഡിൽക്കൂടി കാൽനടയായിപ്പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളം കെട്ടിക്കിടക്കുന്ന റോഡിൽ ഒരുവശം റെയിൽവേ ട്രാക്കാണ്. ഇതിന്റെ വശങ്ങൾ കാടുപിടിച്ചു കിടക്കുന്നതിനാൽ വെള്ളം ഒഴിവാക്കി വശങ്ങളിലേക്കു മാറി നടക്കാൻ കാൽനടക്കാർക്കു കഴിയില്ല.
പുലർച്ചെയും സന്ധ്യക്കും ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തജനങ്ങളും ക്ഷേത്രജീവനക്കാരും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. ആയാപറമ്പ്, ഹരിപ്പാട്, വീയപുരം എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലേക്കുള്ള കുട്ടികൾ സൈക്കിളിലും നടന്നും പോകുന്നതും ഇൗറോഡുവഴിയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നതാണ്. എം.പി.മാർക്കും മറ്റും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ കുറച്ചു ദൂരം മാത്രം സഞ്ചാരയോഗ്യമാക്കി. എന്നാൽ, ബാക്കിയുള്ള ഭാഗം പൂർണമായും തകർന്നിരിക്കുകയാണ്. റോഡ് മുഴുവൻ നന്നാക്കി യാത്രാദുരിതം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയാവശ്യം.
Published: 30 Oct 2026, 02:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented