പാലാ നഗരസഭയുടെ നീന്തൽക്കുളം പ്രവർത്തനരഹിതം
പാലാ : സംരക്ഷണം ഏറ്റെടുത്ത കരാറുകാരുമായി നഗരസഭയ്ക്കുള്ള തർക്കംമൂലം നഗരസഭാ സ്റ്റേഡിയത്തിലെ നീന്തൽക്കുളം പ്രവർത്തനരഹിതമായി. കുട്ടികളുടെ നീന്തൽ പരിശീലനം പൂർണമായി മുടങ്ങി. വരാനിരിക്കുന്ന വിവിധ കായിക മത്സരങ്ങൾക്കായി തയ്യാറെടുത്തിരുന്ന ഒട്ടേറെ കുട്ടികളെയും അവരുടെ പരിശീലകരെയും ആശങ്കയിലായിരിക്കുകയാണ്.
നഗരസഭാ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ രണ്ടാം നിലയിലാണ് നീന്തൽക്കുളം. പരിശീലനം നിലച്ചതോടെ വരാനിരിക്കുന്ന പല മത്സരങ്ങളിലും പങ്കെടുക്കാനുള്ള അവസരവും കുട്ടികൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ കേന്ദ്രത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പരിശീലകരുടെ ഉപജീവനമാർഗവും ഇതോടെ അടഞ്ഞു.
അഞ്ചുവർഷത്തെ പാട്ടക്കരാറിൽ ‘നടത്തിപ്പ് ഏറ്റെടുത്തിരുന്നവർ നീന്തൽക്കുളത്തിന്റെ വാടക, വൈദ്യുതിബിൽ, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, ജലശുദ്ധീകരണം എന്നീ ചെലവുകൾക്ക് പുറമേ 10 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി നൽകിയിരുന്നു.
അഞ്ച് വർഷത്തെ കാലാവധി കഴിഞ്ഞതോടെ പുതിയ കരാറുകാർ എത്തിയെങ്കിലും സെക്യൂരിറ്റി തുക അടച്ചിട്ടില്ല. ഇതോടെയാണ് പ്രവർത്തനം നിലച്ചത്. മുൻ കരാറുകാരന്റെ സെക്യൂരിറ്റി തുക തിരികെ നൽകാത്തത് സംബന്ധിച്ചും നഗരസഭയുമായി തർക്കങ്ങളുണ്ട്. ഇതോടെ കോടിക്കക്കിന് രൂപ ചെലവഴിച്ച് പൊതുജനങ്ങൾക്കായി ഒരുക്കിയ നീന്തൽക്കുളം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യമാണുള്ളത്.
സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി നിർമാണം തുടങ്ങിയതോടെ സ്റ്റേഡിയവും ഉപയോഗപ്രദമല്ലാതായിട്ട് മാസങ്ങളായി. പുതിയ കരാറുകാരൻ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ വീണ്ടും ടെൻഡർ വിളിക്കാൻ നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷ മായാ രാഹുൽ പറഞ്ഞു. നഗരസഭ പണം നൽകാനുള്ള പട്ടിക പ്രകാരം മുൻഗണന കണക്കിലെടുത്ത് മുൻ കരാറുകാരന് തുക തിരികെ നൽകുമെന്നും അധ്യക്ഷ പറഞ്ഞു.
Published: 30 Oct 2026, 02:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented