​പൂഞ്ഞാർ : തെക്കേക്കര പഞ്ചായത്തിൽ സെയ്ന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണകേന്ദ്രം മാലിന്യക്കൂമ്പാരമായി മാറി. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച ഷെഡ്ഡിൽ ഡയപ്പറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, വീട്ടുമാലിന്യം തുടങ്ങിയവയാണ് കുമിഞ്ഞുകൂടിയിരിക്കുന്നത്. ഷെഡ്ഡിന് പുറത്തും സമീപത്തെ വഴിയിലും പരിസരങ്ങളിലുമായി മാലിന്യം ചിതറിക്കിടക്കുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു.

To advertise here,

സ്‌കൂളിന് തൊട്ടുമുന്നിലുള്ള ഈ സ്ഥലം വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്നതിനും കാൽനടയാത്രക്കാർ സഞ്ചരിക്കുന്നതിനും ഉപയോഗിക്കുന്നതാണ്. കുട്ടികൾ ഉൾപ്പെടെ നിരവധിപേർ ദിവസവും എത്തുന്ന സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കും പരിസര മലിനീകരണത്തിനും കാരണമാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വിവിധതരം മാലിന്യം തള്ളുന്നത് തുടരുകയാണ്.

ശേഖരണകേന്ദ്രം കൃത്യമായി പരിപാലിക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേയും നാട്ടകാർക്കിടയിൽ പ്രതിഷേധമുണ്ട്. മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും ശേഖരണകേന്ദ്രം കൃത്യമായി പരിപാലിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും സ്‌കൂൾ അധികൃതർ ഉൾപ്പെടെ ആവശ്യപ്പെട്ടു.