കാഞ്ഞിരപ്പള്ളി : മണിമല റോഡിൽ കുരിശുങ്കലിനു സമീപം ബൈപ്പാസ് മേൽപ്പാലത്തിന്റെ തൂണ് നിർമിക്കുന്ന സ്ഥലത്തെ ഗതാഗതനിയന്ത്രണം നീക്കി വാഹനങ്ങൾ ഓടിത്തുടങ്ങി. തൂൺ നിർമിക്കുന്നതിനായി എടുത്ത കുഴി പൂർണമായി മൂടിയതോടെയാണ് ബസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യമൊരുങ്ങിയത്. എന്നാൽ പഞ്ചായത്ത് അധികൃതരോ മോൽപ്പാലം നിർമാണം നടത്തുന്നവരോ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് അനുമതി നൽകിയിരുന്നില്ല. മണ്ണിട്ടഭാഗം പൂർണമായി ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
മഴപെയ്താൽ ഈ ഭാഗം ചെളിയായി താഴാനുള്ള സാധ്യതയുമുണ്ട്. മണ്ണിട്ട ഭാഗം ഉറപ്പിച്ചശേഷം നിർമാണത്തിലിരിക്കുന്ന തൂണിൽനിന്ന് രണ്ടുമീറ്റർ അകലെക്കൂടി മാത്രമേ ഗതാഗതം അനുവദിക്കാൻ കഴിയുകയുള്ളൂവെന്ന് നിർമാണപ്രവർത്തനം നടത്തുന്ന കമ്പനി അധികൃതർ അറിയിച്ചു.
റോഡ് തുറക്കുന്നത് അഞ്ച് മാസത്തിനുശേഷം
കഴിഞ്ഞ 19-ന് ബസുടമകൾ സമരം പ്രഖ്യാപിച്ചതോടെയാണ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചർച്ച നടത്തി ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതെ തുടർന്ന് റോഡിലെ ഗതാഗതം അടച്ച് മണ്ണിടുന്ന പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വഴി തുറന്നുനൽകാമെന്നായിരുന്നു ബസുടമകൾക്ക് നൽകിയ ഉറപ്പ്. കഴിഞ്ഞ മേയ് 18-നാണ് കുരിശുങ്കലിൽ മേൽപ്പാലത്തിന്റെ തൂണ് നിർമിക്കുന്നതിനായി റോഡ് അടച്ചത്. എന്നാൽ ഒരുമാസം മുൻപ് ചെറുവാഹനങ്ങൾ കടന്നുപോകുന്നതിന് റോഡ് തുറന്നുനൽകിയിരുന്നു. റോഡ് അടച്ചതോടെ കുന്നംഭാഗത്ത് ടി.ബി. റോഡിലൂടെയാണ് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോയിരുന്നത്. മണിമല റോഡിൽ മണ്ണനാനിയിൽ റോഡ് തുറക്കാത്തതിനാൽ മൂന്നാംമൈലിൽനിന്ന് തിരിഞ്ഞാണ് മണിമലയ്ക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.
സംരക്ഷണഭിത്തി നിർമിക്കും
ബൈപ്പാസ് മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണം നടക്കുന്ന ഭാഗത്ത് ചിറ്റാർ പുഴയുടെ തീരത്ത് റോഡിനായി സംരക്ഷണഭിത്തി നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി തന്നെ നടത്തും. തൂണിന്റെ നിർമാണ പൂർത്തിയാകുന്നതോടെ റോഡിന്റെ സംരക്ഷണഭിത്തിയുടെയും നിർമാണം നടത്തും. നിലവിൽ റോഡ് തുറന്നുനൽകുന്നത് താത്കാലികമായിട്ടാണ്. പാലത്തിന്റെ സ്ലാബുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങുന്നതോടെ വീണ്ടും റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും.
Published: 29 Oct 2026, 02:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented