കുറവിലങ്ങാട് : പഠനത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും പാലിച്ച് വിദ്യാലയങ്ങൾ. കുറവിലങ്ങാട് ടൗണിന്റെ അര കിലോമീറ്റർ ചുറ്റളവിൽ നമുക്കിവ കാണാം. ഒരു ഓട്ടോണമസ് കോളേജും ഒരു ഹയർസെക്കൻഡറി സ്കൂളും രണ്ട് ഹൈസ്കൂളുകളും രണ്ട് എൽ.പി. സ്കൂളുകളും ഒരു നഴ്സറി സ്കൂളും ഉൾപ്പെടെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്.
സ്കൂൾ മുറ്റത്ത് തൂമ്പയുമായി ഇറങ്ങുന്ന അധ്യാപകർ, പൊതുസ്ഥലം ശുചീകരിക്കുന്ന കുട്ടികൾ, പൂർവാധ്യാപകരുടെ വീടുകളിലെത്തി ഗുരുവന്ദനം നടത്തുന്നവർ, പൂർവവിദ്യാർഥികളെ സേവനപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന പി.ടി.എ., അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന നാട്ടുകാർ. ഇങ്ങനെ ഒരു പരസ്പര സഹകരണത്തോടെ വികസനത്തിന്റെ പുത്തൻ അധ്യായം രചിക്കുന്ന നാട്.
സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും സെയ്ന്റ് മേരീസ് ബോയ്സ് ഹൈസ്കൂളും പഠനകേന്ദ്രങ്ങൾക്കപ്പുറം നാടിന്റെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറി. 1894-ൽ ആരംഭിച്ച സ്കൂൾ 132 വർഷം പിന്നിട്ടു. ശക്തമായ പി.ടി.എ. യാണ് വിദ്യാലയങ്ങളുടെ ജനകീയമുഖത്തിന് പിന്നിലെ പ്രധാന കരുത്ത്.
അധ്യാപക ദിനത്തിൽ നടത്തിയ ‘ഗുരുവന്ദനം’, ‘ഗുരുമുറ്റം’പരിപാടികൾ ശ്രദ്ധേയമായി. ഷൈജു പാവുത്തിയേലിന്റെ നേതൃത്വത്തിലുള്ള പി.ടി.എ. അംഗങ്ങളെല്ലാം സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ നേതൃത്വവും സഹകരണവും നൽകുന്നു.
പൂർവവിദ്യാർഥികൾ തിരിച്ചെത്തിയപ്പോൾ
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥികളെ വിദ്യാലയ മുറ്റത്തേക്ക് ക്ഷണിച്ചു.
കുട്ടികൾക്ക് നാടിന്റെ രുചി പരിചയപ്പെടുത്താൻ നാടൻ വിഭവ സ്നേഹവിരുന്നും നടത്തി. സ്കൂളിൽ തന്നെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നട്ടുവളർത്തിയ ചേനക്കൃഷിയുടെയും ചീനിയുടെയും വിളവെടുപ്പുമുണ്ടായി.
ഹയർ സെക്കൻഡറി സ്കൂളിൽ പൂന്തോട്ടം ഒരുക്കുന്നതിലും സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളിലും പെയിന്റിങ്ങിലും കളിസ്ഥലത്തിന്റെ നവീകരണത്തിലുമെല്ലാം കുട്ടികളെയും ഒപ്പം കൂട്ടുന്നു. കുട്ടികൾ വളർത്തിയ പൂച്ചെടികൾ ‘ആരാമം കുറവിലങ്ങാട്’ ടൗണിന്റെ സൗന്ദര്യവത്കരണത്തിനും ഉപയോഗപ്പെടുത്തി. ചെടികൾ ദിവസവും നനച്ചു പരിപാലിക്കാൻ അധ്യാപകർക്കൊപ്പം കുട്ടികളെയും ഒപ്പം കൂട്ടുന്നു. കുറവിലങ്ങാട് ടൗണിലെ വെയിറ്റിങ് ഷെഡ്ഡുകളുടെ പരിസരം കുട്ടികളുടെ നേതൃത്വത്തിൽ തെളിച്ചു. പാവപ്പെട്ട കുട്ടികൾക്കായി പൂർവ വിദ്യാർഥികളുടെ പിന്തുണയിൽ തുടങ്ങിയ 'ലെൻഡ് എ ഹാൻഡ്' എന്ന പദ്ധതി കൈത്താങ്ങേകുന്നു.
വായനയും ജനകീയ വികസനവും
ബോയ്സ് ഹൈസ്കൂളിൽ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും കുട്ടികളുടെ കഴിവുകൾ വളർത്താൻ ഇരുപതോളം ക്ലബ്ബുകൾക്ക് രൂപം നൽകി. ജനകീയ സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. 800 കസേരകൾ ജനകീയ സഹകരണത്തോടെ സൗജന്യമായി സ്കൂളിന് ലഭ്യമാക്കി. ലൈബ്രറി നവീകരിച്ച് വായനമുറികൾ ഒരുക്കി. മികച്ച വിദ്യാർഥികൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന ‘സ്റ്റുഡന്റ് ടീച്ചേഴ്സ്’ പദ്ധതിയും ശ്രദ്ധേയം.
നാടിന് കായികപ്രതിഭാ പദ്ധതി കായികപ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി മുപ്പതോളം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ദേവമാതാ കോളേജ് കുറവിലങ്ങാട് ഫെസ്റ്റും പൊതുജനങ്ങളെ ഉൾപ്പെടുത്തി പ്രൊഫഷണൽ നാടകപ്രദർശനങ്ങളും സാംസ്കാരിക കൂട്ടായ്മകളും പൊതുസ്ഥല ശുചീകരണവും നടത്തുന്നു. ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥിനികളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാർഷിക പദ്ധതികളും പരിശീലനങ്ങളും വിവിധ ക്ലബ്ബുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരം.
സെയ്ന്റ് മേരീസ് ഗേൾസ് എൽ.പി. സ്കൂൾ നടത്തുന്ന കൃഷിപാഠ ബോധവത്കരണ പദ്ധതികൾ കുട്ടികളെ പുതിയൊരു കൃഷി സംസ്കാരത്തിലേക്ക് എത്തിക്കുന്നു.
അനുഭവത്തിലൂടെ അറിവ്
അറിവിനൊപ്പം അനുഭവത്തിന്റെ കരുത്തുകൂടി വിദ്യാർഥികൾക്ക് നൽകിയാണ് ഈ മാതൃകാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അധ്യാപകരുടെ അർപ്പണബോധവും സാമൂഹിക പ്രതിബദ്ധതയും നാടിന്റെ പിന്തുണയും സമന്വയിക്കുമ്പോഴാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ സംജാതമാകുന്നത്.
-ഷൈജു പാവുത്തിയേൽ, പി.ടി.എ. പ്രസിഡന്റ്, സെയ്ൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ
Published: 11 Oct 2026, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented