കായംകുളം : അടുത്തിടെ ബി.എം.ബി.സി. നിലവാരത്തിൽ നിർമിച്ച റോഡിൽ കുടിവെള്ള പൈപ്പു പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വെള്ളം കെട്ടിക്കിടന്ന്‌ റോഡു തകരുന്ന അവസ്ഥയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരസഭയിൽ ലക്ഷ്മി തിയേറ്റർ കെ.പി.എ.സി. ജങ്ഷൻ റോഡിൽ മുട്ടേത്ത് പാലത്തിനു സമീപമാണ് റോഡിൽ പൈപ്പു പൊട്ടി വെള്ളമൊഴുകുന്നത്. റോഡിലെ ടാറിങ്ങിന്റെ മധ്യഭാഗത്താണ് പൈപ്പു പൊട്ടിയത്.

To advertise here,

പൈപ്പു പൊട്ടി വെള്ളം ഒഴുകുന്നതിനാൽ ഇവിടത്തെ ടാറിങ്ങും ഇളകുന്ന അവസ്ഥയാണ്. ഏറെനാളുകളായി തകർന്നുകിടന്ന റോഡ് അടുത്തിടെയാണ് ബി.എം.ബി.സി. നിലവാരത്തിൽ നിർമിച്ചത്. ഉന്നതനിലവാരത്തിൽ നിർമിച്ച റോഡ് വീണ്ടും തകരുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിലൂടെ വെള്ളമൊഴുകി അടുത്തുള്ള കനാലിലേക്കാണു പോകുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതു കാരണം ഇരുചക്രവാഹനങ്ങളിൽ വരുന്നവർ തെന്നിവീഴുന്നുമുണ്ട്. വാഹനങ്ങൾ പോകുമ്പോൾ വെള്ളം തെറിക്കാതിരിക്കാൻ കാൽനടയാത്രക്കാർ ഓടിമാറേണ്ട അവസ്ഥയാണ്.

പൈപ്പ്‌ പൊട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. കായംകുളത്ത് പലയിടത്തും കുടിവെള്ളക്ഷാമമുണ്ട്. എന്നിട്ടും പൈപ്പുപൊട്ടി വെള്ളം പാഴായിട്ടും വാട്ടർ അതോറിറ്റി നടപടിയെടുക്കുന്നില്ല. നഗരത്തിലെ കുടിവെള്ളവിതരണ പൈപ്പുകൾ മിക്കതും കാലപ്പഴക്കമുള്ളവയാണ്. അതിനാൽ പൈപ്പു പൊട്ടുന്നതും പതിവാണ്.