കളത്തൂർ : ആഞ്ഞുവീശിയ കാറ്റ് ചുരുങ്ങിയ നിമിഷത്തിനുള്ളിൽ കളത്തൂർ പാപ്പച്ചി പീടിക ഭാഗത്ത് കനത്തനാശം വിതച്ചു. ഒരുവീട് ഭാഗികമായി തകർന്നു. മറ്റുരണ്ടുവീടിന്‌ കേടുസംഭവിച്ചു. ലക്ഷങ്ങളുടെ കൃഷിനാശവും നേരിട്ടു.

To advertise here,

വ്യാഴാഴ്ച രാത്രിയോടെ കനത്ത മഴയ്ക്കൊപ്പമായിരുന്നു കാറ്റ്. മൂന്ന് വീടിന്റെ മുകളിലേക്ക് മരം കടപുഴകിവീണാണ് നാശം നേരിട്ടത്. കളത്തൂർ തെന്നാട്ടിൽ രവികുമാറിന്റെ വീടിനുമേൽ റബ്ബർമരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. റബ്ബർമരങ്ങളും കൊക്കോ തുടങ്ങിയ കൃഷിയും നശിച്ചു.

തെന്നാട്ടിൽ പടിഞ്ഞാറേതിൽ ശ്രീകുമാറിന്റെ റബ്ബർഷീറ്റ് സജ്ജമാക്കുന്ന മെഷീൻപുരയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. നിരവധി റബ്ബർമരങ്ങളും ആഞ്ഞിലിയടക്കമുള്ള വൻമരങ്ങളും നിലംപൊത്തി. തെന്നാട്ടിൽ നാരായണൻനായരുടെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ മരംവീണ് തകർന്നു. കപ്പ, വാഴ, റബ്ബർ തുടങ്ങിയ കൃഷിയും നശിച്ചു. മേലേടത്ത് ജയിസൻ മാത്യുവിന്റെ കായ്ഫലമുള്ള വലിയ ജാതി അഞ്ചെ​ണ്ണം നശിച്ചു. മേമന കൃഷ്ണനിവാസ് രാധാദേവിയുടെ മാവ്, റബ്ബർ മരങ്ങൾ ഒടിഞ്ഞ് വീടിനും മതിലിനും നാശം നേരിച്ചു.

ആണ്ടുക്കാല അപ്പുവിന്റെ റബ്ബർമരങ്ങൾ കാറ്റിൽ നിലംപൊത്തി. വേതമ്പടത്തിൽ ലൂക്കായുടെ കപ്പക്കൃഷിയും നശിച്ചു.

ഒൻപത് വൈദ്യുതത്തൂൺ ഒടിഞ്ഞു. വില്ലേജ്, പഞ്ചായത്ത്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശം വിലയിരുത്തി.