അമ്പലപ്പുഴ : സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി റെഡി പർച്ചേസ് നടത്താൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവാരമുള്ള മരുന്ന് കുറഞ്ഞവിലയ്ക്ക് ജനങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിറ്റിക്കൽ കെയർ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അൻപതു കിടക്കകളുള്ള ക്രിറ്റിക്കൽ കെയർ ബ്ലോക്ക് 18 മാസംകൊണ്ടു പൂർത്തിയാക്കും. 20.75 കോടിക്ക് കെട്ടിടം നിർമിക്കുകയും മൂന്നുകോടിക്ക് ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും. 1,800 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും ഫാർമസിസ്റ്റുകളുടെയും പുതിയ തസ്തിക സൃഷ്ടിക്കാൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. തസ്തിക അനുവദിച്ചാൽ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴുള്ള പരാധീനത പരിഹരിക്കാം.
പരാധീനത ഒറ്റരാത്രി കൊണ്ട് പരിഹരിക്കാൻ അലാവുദ്ദീന്റെ അദ്‌ഭുതവിളക്ക് എന്റെ കൈവശമില്ല. ഡോക്ടർമാർ മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ള ജീവനക്കാരെ വിശ്വാസമുണ്ട്. പരസ്പരവിശ്വാസത്തിലൂടെ കാര്യങ്ങൾ നല്ലനിലയിൽ കൊണ്ടുപോകും. ആലപ്പുഴ മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിലെ ഒഴിവുകൾ അടിയന്തരമായി നികത്തും. പരാധീനതകളില്ലാത്ത മെഡിക്കൽ കോളേജായി ആലപ്പുഴയെ മാറ്റുമെന്നും കെ. മുരളീധരൻ പറഞ്ഞു.
കടക്കരപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും തകഴി മെയിൻ സെന്റർ ജനകീയാരോഗ്യകേന്ദ്രത്തിന്റെയും ഉദ്ഘാടനവും ജില്ലയിലെ 16 ജനകീയാരോഗ്യകേന്ദ്രങ്ങളുടെ നിർമാണോദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു. മാരാരിക്കുളം നോർത്ത്, കഞ്ഞിക്കുഴി, ആര്യാട്, ചെറിയപൊഴി, കലവൂർ, വയലാർ, വെട്ടയ്ക്കൽ, വള്ളത്തോട്, ചാരമംഗലം, പള്ളിത്തോട്, അരൂക്കുറ്റി, പെരുമ്പളം, പുല്ലങ്ങടി, കൊടുപ്പുന്ന, ചെന്നിത്തല, ചുനക്കര എന്നിവയാണ് 55.5 ലക്ഷം വീതം ചെലവിൽ പുതുതായി നിർമിക്കുന്ന ജനകീയാരോഗ്യകേന്ദ്രങ്ങൾ.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിന്റെ നിർമാണം 2027 മാർച്ചിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. പി.ഇ. ഷാനിമോൾ, ജില്ല പഞ്ചായത്തംഗം എ.ആർ. കണ്ണൻ, എൻ.എച്ച്.എം. ഡി.പി.എം. ഡോ. എസ്. ലൈജു, ആശുപത്രി സൂപ്രണ്ട് ഡോ. പി.എൽ. ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. തോമസ് കോശി, ഡോ. കെ. സജാദ്, ആർ.എം.ഒ. ഡോ. പി. ജംഷിദ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ എം.പി. പങ്കെടുത്തില്ല
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി മൂന്നുമാസം മുൻപുണ്ടായ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും നടപ്പാക്കാത്തതിൽ നീരസവുമായി കെ.സി. വേണുഗോപാൽ എം.പി. ശനിയാഴ്ച ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ പങ്കെടുത്ത പരിപാടിയിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന എം.പി. പങ്കെടുത്തില്ല. പകരം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനാണ് അധ്യക്ഷത വഹിച്ചത്.
ആശുപത്രിയിൽ ഡോക്ടർക്ഷാമമടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കെ.സി. വേണുഗോപാലിന്റെ അഭ്യർഥനപ്രകാരമാണ് മൂന്നുമാസം മുൻപ് ആരോഗ്യമന്ത്രിയെത്തി ഉന്നതതലയോഗം വിളിച്ചത്. അന്നത്തെ തീരുമാനങ്ങളിൽ കമ്യൂണിറ്റി കിച്ചന്റെ കാര്യത്തിൽ മാത്രമാണ് നടപടിയുണ്ടായത്. പ്രഖ്യാപനങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുൻപ് കെ.സി. വേണുഗോപാൽ ആരോഗ്യമന്ത്രിക്കു കത്തുനൽകിയിരുന്നു. നടപ്പാക്കാമെന്ന് മറുപടി നൽകിയതല്ലാതെ ഒന്നും നടന്നില്ല.
എം.പി.യുടെ ശനിയാഴ്ചത്തെ ഔദ്യോഗികപരിപാടികളുടെ പത്രക്കുറിപ്പിൽ 2.30-ന് മെഡിക്കൽ കോളേജിലെ ചടങ്ങും ഉൾപ്പെടുത്തിയിരുന്നു. ആലപ്പുഴയിലുണ്ടായിട്ടും അദ്ദേഹം എത്തിയില്ല. ഞായറാഴ്ചത്തെ പരിപാടികൾക്കായി വൈകുന്നേരം വന്ദേഭാരത് തീവണ്ടിയിൽ എം.പി. കണ്ണൂരിലേക്ക് പോകുകയും ചെയ്തു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്ന ജി. സുധാകരൻ എം.എൽ.എ.യുടെ അസാന്നിധ്യവും ചർച്ചയായി. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.എൽ.എ. അസൗകര്യം അറിയിച്ചിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Published: 11 Oct 2026, 02:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented