വൈക്കം-തവണക്കടവ് ബോട്ട് യാത്രക്കാർ ദുരിതത്തിൽ

To advertise here,

വൈക്കം : വൈക്കം-തവണക്കടവ് ബോട്ട് സർവീസിൽ രണ്ടുബോട്ടുകൾ കേടുപാടുകൾ സംഭവിച്ച് പണിപ്പുരയിലായത് കടത്തുയാത്രികരെ ദുരിതത്തിലാക്കി

കടത്തുസർവീസിൽ നാലുബോട്ടുകൾ ആണ് നിലവിലുള്ളത്. നാലുബോട്ടുകൾ ഉള്ളപ്പോൾപോലും യാത്രികരുടെ തിരക്ക് പരിഹരിക്കാനാവാത്ത സ്ഥിതി നിലനിൽക്കുമ്പോഴാണ് രണ്ടുബോട്ടുകൾ പണിപ്പുരയിലായത്. പ്രതിദിനം അയ്യായിരത്തോളം യാത്രക്കാരാണ് വൈക്കം-തവണക്കടവ് സർവീസിൽ കടത്ത് ഇറങ്ങുന്നത്. കടത്തുയാത്രയ്ക്ക് രണ്ടുബോട്ടുകളായ് ചുരുങ്ങിയതോടെ മറു കരകളിറങ്ങാൻ യാത്രക്കാരും, വിദ്യാർഥികളും ഒരുപോലെ കഷ്ടപ്പെടുകയാണ്. രാവിലെ 6.00 മുതൽ വൈകീട്ട് 9.20 വരെ നീളുന്ന കടത്തുസർവീസിൽ പ്രതിദിനം അയ്യായിരത്തോളം യാത്രക്കാർ കടത്തിറങ്ങുന്നുണ്ടെന്നാണ് കണക്ക്. വൈക്കത്തിന്റെ ചരിത്രവുമായ് പോലും തവണക്കടവ് കടത്തുയാത്രയ്ക്ക് ബന്ധമുണ്ട്. ചരിത്രപ്രാധാന്യമുള്ള ഈ കടത്തുയാത്ര കാലത്തിന്റെ മാറ്റത്തിനൊത്ത് മാറാൻ കഴിയാത്ത സ്ഥിതിയിൽ പരാതിയായ് നിലനിൽക്കുന്നു. വൈക്കം താലൂക്കിന്റെ ഒട്ടേറെ മേഖലകളിൽനിന്നും ആലപ്പുഴ, ചേർത്തല മേഖലകളിലെ യാത്രികരെ കയറ്റി ഇറക്കുന്ന പ്രധാന കടത്തുയാത്ര എന്ന പ്രാധാന്യവും ഇതിനാണ്. സംസ്ഥാനത്തെ ആദ്യത്തെ സോളാർ ബോട്ടും ഈ കടത്തുയാത്രയുടെ ഭാഗമാണ്. കേരളത്തിലെ ജലഗതാഗതവകുപ്പിനെ സാമ്പത്തികമായ് നേട്ടം നൽകുന്നു. ഈ കടത്തുയാത്രയ്ക്ക് ആവശ്യമായ ബോട്ടുകൾ അനുവദിക്കുവാൻ കഴിയാത്തതിലും പ്രതിഷേധം ഉയരുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ അടിയന്തര ഇടപെടലുകൾ യാത്രക്കാർ ആവശ്യപ്പെട്ടു.

നാലുബോട്ടുകളിൽ രണ്ടുബോട്ടുകൾ പല കാരണങ്ങളാൽ കേടായ സാഹചര്യത്തിലാണ് നിലവിലെ പ്രശ്‌നം. എത്രയും പെട്ടെന്ന് ബോട്ടുകളുടെ കേടുപാടുകൾ നോക്കി സർവീസ് നടത്തുമെന്നും സ്‌റ്റേഷൻ മാസ്റ്റർ കെ.വി. സുരേഷ് അറിയിച്ചു. കടത്തുയാത്രയ്ക്ക് നിലവിൽ മറ്റ് സംവിധാനങ്ങൾ ഒന്നും ഇല്ല. മുമ്പ് ജംങ്കാർ സർവീസ് യാത്രക്കാർക്ക് തുണയായിരുന്നു. എന്നാൽ ഇപ്പോൾ ആ സൗകര്യവും യാത്രക്കാർക്ക് നഷ്ടമായി.