ആലപ്പുഴ : ഗ്രൂപ്പുവഴക്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭരണവിലാസം സംഘടന ഉയർന്നതിനെതിരേ കെ.പി.സി.സി.ക്കു പരാതി. കയർഫെഡ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) നേതാക്കളാണ്‌ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനു പരാതി നൽകിയിട്ടുള്ളത്‌. നിലവിലുള്ള ഐ.എൻ.ടി.യു.സി. യൂണിയനു ബദലായി വന്ന പുതിയ സംഘടനാ നേതാക്കൾക്കെതിരേയാണു പരാതി.

To advertise here,

കയർഫെഡ്, കയർ കോർപ്പറേഷൻ, ഫോം മാറ്റിങ്സ്, കയർ മെഷീനറി കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് പുതിയ ഐ.എൻ.ടി.യു.സി. സംഘടനകൾ രൂപംകൊണ്ടിട്ടുള്ളത്. ഇവിടങ്ങളിലുള്ള നാലു സംഘടനകളുടെയും ചുമതലക്കാരൻ കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂറാണ്.

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എ.എ. ഷുക്കൂർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ആളായി മാറി. നേരത്തേ, രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയായിരുന്നു ഷുക്കൂർ. രമേശ് ചെന്നിത്തല കയർ വകുപ്പിന്റെ ചുമതലകൂടിയുള്ള മന്ത്രിയായപ്പോൾ അദ്ദേഹത്തെ അനുകൂലിക്കുന്നവർ പുതിയ യൂണിയനുകളുണ്ടാക്കി. ചെന്നിത്തലയെ പിന്തുണയ്ക്കുന്ന എം. രവീന്ദ്രദാസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരേയാണ് ഷുക്കൂറിനെ അനുകൂലിക്കുന്നവർ പരാതി നൽകിയിട്ടുള്ളത്.

പുതിയ യൂണിയനുകൾ ഐ.എൻ.ടി.യു.സി.യിൽ മാത്രമല്ല പാർട്ടിയിലും ഭിന്നതയുണ്ടാക്കുകയാണെന്നാണ് പരാതിക്കാരായ കയർഫെഡ് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ. സുശീലൻ തമ്പി, സെക്രട്ടറിമാരായ സി. ബിജു, പി.ടി. സിയാദ്, ട്രഷറർ പി.ആർ. സജിമോൾ എന്നിവർ ഒപ്പിട്ട പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ഗ്രൂപ്പുവഴക്കു മൂർച്ഛിച്ചതിനെത്തുടർന്ന്‌ ശക്തികാണിക്കാൻ ഇരുവിഭാഗവും പ്രത്യേകം പ്രത്യേകം യോഗംവിളിക്കുന്ന തിരക്കിലാണിപ്പോൾ. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ അദ്ദേഹത്തിനടുത്തെത്തി യോഗം നടത്തി. എം. രവീന്ദ്രദാസ്, ആലപ്പുഴ നഗരസഭാ കൗൺസിലർ എം.ആർ. സർജു എന്നിവരുൾപ്പെട്ട സംഘമാണ് ഇതിൽ പങ്കെടുത്തത്. നാലു കയർമേഖലാ സ്ഥാപനങ്ങളിലും നേരിട്ടെത്തി പിന്തുണ ഉറപ്പിക്കുന്ന യോഗം വിളിച്ചുചേർത്താണ് എ.എ. ഷുക്കൂർ ഇതിനു മറുപടി നൽകിയത്.