നെടുംകുന്നം : പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അണിയറ- കല്ലോലി- മാണികുളം റോഡിന്റെ സ്ഥിതി ഇന്ന് ദയനീയമാണ്. കാലാവധി കഴിഞ്ഞ റോഡിന് ഇന്ന് നാഥനില്ലാത്ത സ്ഥിതി. പഞ്ചായത്തോ, ജില്ലാപഞ്ചായത്തോ ഏറ്റെടുത്തില്ലെങ്കിൽ പെട്ടുപോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

To advertise here,

റോഡിലെ കുഴികൾ അടയ്ക്കാനായി കഷ്ടപ്പെടുകയാണ് നാട്ടുകാർ. 2.88 കിലോമീറ്റർ ദൂരമുള്ള റോഡ് 2019-ലാണ് നിർമിച്ചത്. 1.26 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. അഞ്ചുവർഷം കൊണ്ട് ടാറിങ് പൂർണമായി തകർന്നു. പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ റോഡ് ഇനി പഞ്ചായത്തോ, ജില്ലാപഞ്ചായത്തോ ഏറ്റെടുത്താൽ മാത്രമേ നവീകരണം നടത്താൻ കഴിയൂ.

തകർന്ന റോഡിലൂടെ നടക്കാൻപോലും ബുദ്ധിമുട്ടായതിനാൽ നാട്ടുകാർ ആഴ്ചതോറും കുഴികളിൽ മണ്ണിട്ട് നിരത്തുകയാണ്. ചിലയിടങ്ങളിൽ ചാക്കിൽ മണ്ണ് നിറച്ചും കുഴികൾ മൂടിയിട്ടുണ്ട്.

ബൈപ്പാസാക്കിയാൽ നല്ലത്

ആധുനിക നിലവാരത്തിൽ ടാർചെയ്ത് നവീകരിച്ചാൽ മിനി ബൈപ്പാസാക്കി മാറ്റാൻ കഴിയുന്നതാണ് റോഡ്. ബൈപ്പാസാക്കിയാൽ കറുകച്ചാൽ- മണിമല റോഡുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും കറുകച്ചാൽ കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയും.

മണിമല റോഡിലൂടെ എത്തുന്നവർക്ക് മാണികുളത്തുനിന്ന്‌ തിരിഞ്ഞ് എളുപ്പത്തിൽ അണിയറപ്പടിയിലെത്താം.

മിനി ബൈപ്പാസെന്ന് അന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വേണ്ടത്ര സൗകര്യം ഒരുക്കാഞ്ഞതിനാൽ വിജയകരമായില്ല. ആവശ്യമായ തുക അനുവദിച്ച് നവീകരിച്ചാൽ ഏറെ പ്രയാജനം ചെയ്യുന്ന റോഡാണിത്.