ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183-ന്റെ കടവൂർ ബൈപ്പാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂരിനു സമീപം ആഞ്ഞിലിമൂടുവരെയുള്ള 54.37 കിലോമീറ്റർ റീച്ച് 20 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ജി.എസ്.ടി. വിഹിതമായ 73.18 കോടി നൽകും. കേന്ദ്ര റോഡുഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ വ്യവസ്ഥ അംഗീകരിച്ച് സംസ്ഥാന ജി.എസ്.ടി. വിഹിതം തിരിച്ചുനൽകുന്നതിനാണ് കേരള സർക്കാർ അനുമതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് പൊതുമരാമത്തുമന്ത്രി പി.കെ. ബഷീറുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി.

To advertise here,

ദേശീയപാതയുമായി ബന്ധപ്പെട്ട സംസ്ഥാനതല നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെയും എം.പി. സന്ദർശിച്ചിരുന്നു. ഇതോടെ ദേശീയപാത 183-ന്റെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സാമ്പത്തികബാധ്യത സംബന്ധിച്ച അനിശ്ചിതത്വത്തിനു വിരാമമായി. സംസ്ഥാനവിഹിതം സംബന്ധിച്ച് ധാരണയായതോടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ റവന്യൂവകുപ്പ് വേഗത്തിലാക്കും. പുതുക്കിയ 3-എ, 3-ഡി വിജ്ഞാപനങ്ങൾ ഉടൻ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളിലേക്കു കടക്കും. സ്ഥലമേറ്റെടുപ്പു നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും മറ്റ് ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ ഇതിനകം നിയമിച്ചിട്ടുണ്ട്.

കൊല്ലം കടവൂർ മുതൽ ആഞ്ഞിലിമൂടുവരെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ 1,663.15 കോടി രൂപയുടെ അനുമതിയാണു നൽകിയിട്ടുള്ളത്. ജൂണിലാണ് പദ്ധതി അംഗീകരിച്ചത്. സിവിൽ പ്രവൃത്തികൾക്കായി 689.20 കോടി രൂപയും സ്ഥലമേറ്റെടുപ്പിനും അനുബന്ധ നടപടികൾക്കുമായി 331.64 കോടി രൂപയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 394.19 കോടി രൂപയും ഉൾപ്പെടുന്നതാണ് പ്രധാന ചെലവുകൾ. കൊല്ലം-തേനി റോഡിനെ ദേശീയപാതയായി ഉയർത്തുന്നതിന് കേന്ദ്രസഹമന്ത്രിയായിരുന്ന കാലംമുതൽ കൊടിക്കുന്നിൽ സുരേഷ് എം.പി. നടത്തിയ ഇടപെടലുകളാണ് തുടർവികസനത്തിന് കളമൊരുക്കിയത്.

ദേശീയപാതയുടെ വികസനം, അലൈൻമെന്റ്, വീതികൂട്ടൽ, സ്ഥലമേറ്റെടുപ്പ് തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം തുടർച്ചയായി പാർലമെന്റിലും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു. ഒട്ടേറെ തവണ കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിയുമായി എം.പി. കൂടിക്കാഴ്ചകൾ നടത്തി. ദേശീയപാത 183-ന്റെ വികസനത്തിന്റെ ആദ്യഘട്ടത്തിൽ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലൂടെ ഏകദേശം 40 കിലോമീറ്റർ ദൂരം നാലുവരിപ്പാതയായി വികസിക്കും.

കുന്നത്തൂർ, ശാസ്താംകോട്ട, ശൂരനാട്, ചാരുംമൂട്, കൊല്ലകടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റത്തിനു വഴിയൊരുക്കുന്നതാണ് പദ്ധതി. സംസ്ഥാന സർക്കാരിന്റെ വിഹിതം സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ച സാഹചര്യത്തിൽ സ്ഥലമേറ്റെടുപ്പു നടപടികൾ വേഗത്തിലാക്കി പദ്ധതി നിർമാണഘട്ടത്തിലേക്ക് എത്തിക്കുകയാണു വേണ്ടതെന്ന് കൊടിക്കുന്നിൽ പറഞ്ഞു.