പുതുവേലി : ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരം പുതുവേലി ക്ഷീരസംഘത്തിന് ലഭിച്ചു. പാലളവിലുണ്ടായ വർധന, ശുചിത്വം അടക്കമുള്ളവ വിലയിരുത്തിയാണ് പുരസ്കാരം.

To advertise here,

സംഘത്തിൽ ദിവസം ശരാശരി 800 ലിറ്റർ പാൽ സംഭരിക്കുന്നു. പ്രാദേശിക വില്പന കഴിഞ്ഞുള്ള പാലും ക്ലസ്റ്റർ സംഘങ്ങളുടെ പാലും ഉൾപ്പെടെ 1200 ലിറ്റർ പാൽ സംഭരിച്ച് ശീതീകരിച്ച്‌ ദിവസവും മിൽമയ്ക്ക് നൽകുന്നു. സംഘത്തിന്റെ പാൽ സംഭരണം ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ സംവിധാനത്തിലൂടെയാണ് നടത്തുന്നത്. ആധുനിക പാൽ പരിശോധന ലാബും ഉണ്ട്. സംഘത്തിൽ പാൽ അളക്കുന്ന കർഷകരുടെ പണമിടപാട് പൂർണമായും ബാങ്ക് വഴിയാണ്.

സംഘത്തിന്റെ പരിസരം, പാൽ സംഭരണമുറി, ബി.എം.സി. യൂണിറ്റ്, പരിശോധന മുറി, ഉപകരണങ്ങൾ എന്നിവ ശാസ്ത്രീയമായി ശുചിത്വത്തോടെ പരിപാലിക്കുന്നു. സംഘത്തിൽ ഗുണനിലവാരമുള്ള മിൽമ ഉത്‌പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്നായി മിൽമ ഷോപ്പിയും പ്രവർത്തിക്കുന്നു. കൂടാതെ, ഐ.എസ്.ഒ. 22000-2018 നിലവാരത്തിൽ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.

കർഷകർക്കാവശ്യമായ കാലിത്തീറ്റ, സൈലേജ്, മിൽക്ക് ഇൻസെന്റീവ് മറ്റ് ത്രിതല പഞ്ചായത്ത്, ക്ഷീരവികസനവകുപ്പ്, മിൽമ ആനുകൂല്യങ്ങൾ എന്നിവ നൽകിവരുന്നു.

മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് മിൽമ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ളയിൽനിന്ന്‌ പുതുവേലി സംഘം പ്രസിഡന്റ്‌ എൽദോസ് ജോൺ, സെക്രട്ടറി ബിന്ദു സുരേഷ് എന്നിവർചേർന്ന് ഏറ്റുവാങ്ങി.