നാടൻ കപ്പ കിലോ 50, വാഴച്ചുണ്ട് 25...
കച്ചവടം പൊടിപൊടിച്ച് ‘കന്നിക്കൊയ്ത്തും നാട്ടുചന്തയും’
കോട്ടയം : ‘നല്ല നാടൻകപ്പ കിലോ 50... വാഴച്ചുണ്ട് കിലോ 25... തേങ്ങ 65, മത്തങ്ങ 40’ ഒരാൾ വിളിച്ച് പറഞ്ഞു. ഇതോടെ മറ്റൊരാൾ ആവേശത്തോടെ തുടങ്ങി. ‘ഇലയടയും കൊഴുക്കട്ടയും കപ്പയും മീൻ കറിയുമടക്കം നാടൻ പലഹാരങ്ങൾ...’ ഒരു പൊതു ചന്തയിലെ ദൃശ്യമല്ല. അതേപോലെ ഒന്ന് ആവിഷ്കരിച്ചതാണ്. വേദി കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളും.
കുട്ടികൾ വിളയിച്ചെടുത്ത ജൈവ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും കോട്ടയം നഗരത്തിൽ കൗതുകമായി. ‘നമ്മുടെ വിളവ്, നമ്മുടെ വിപണി, നമ്മുടെ ആരോഗ്യം’ എന്ന സന്ദേശമുയർത്തി വിദ്യാർഥികളിൽ മണ്ണറിവും കാർഷികസംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ‘കന്നിക്കൊയ്ത്തും നാട്ടുചന്തയും’ എന്നപേരിൽ തിങ്കളാഴ്ച വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽ വിളയിച്ചെടുത്ത ജൈവ ഉത്പന്നങ്ങളുമായി നേരിട്ട് ‘വിപണി’യിലെത്തുകയായിരുന്നു.
കൈലിമുണ്ടും ബനിയനും തലയിൽ വട്ടക്കെട്ടുമായി തനി നാടൻകർഷകരുടെയും കച്ചവടക്കാരുടെയും വേഷമണിഞ്ഞായിരുന്നു വിദ്യാർഥികൾ സ്റ്റാളുകളിൽ അണിനിരന്നത്. സ്കൂളിൽ നാല് മാസക്കാലമായി നടന്നുവന്ന ‘ഒരു വീട്ടിൽ ഒരു കർഷകൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രദർശനവും പിപണനവും നടത്തിയത്. നാടൻ പലഹാരങ്ങൾ, നാടൻ കോഴി, താറാവ്, അലങ്കാരപ്പക്ഷികൾ, മൺപാത്രങ്ങൾ, നാടൻ അലങ്കാരവസ്തുക്കൾ എന്നിവയും പ്രദർശനത്തിലും വില്പനയ്ക്കുമായി ഒരുക്കിയിരുന്നു. നാടൻ കലാരൂപങ്ങളുടെ അവതരണവും നടന്നു. വീടുകളിൽ വിജയകരമായി കൃഷി നടത്തുകയും മികച്ച വിളവ് നേടുകയും ചെയ്ത മൂന്ന് കുട്ടിക്കർഷകരെ ആദരിച്ചു. ഒരുകുട്ടിക്ക് പ്രോത്സാഹന സമ്മാനവും നൽകി.
സ്കൂളിലെ എക്കോ ക്ലബിന്റെയും ആപ്ടെകിന്റെയും സഹകരണത്തോടെയായിരുന്നു പദ്ധതി. 1100-ഓളം വരുന്ന വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകളും തൈകളും വിതരണം ചെയ്തായിരുന്നു തുടക്കം. ആപ്ടെക് എം.ഡി. കെ.ജെ. ജേക്കബ് കൊച്ചേട്ട് ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എം.എൽ.എ. അവാർഡ് വിതരണം നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ബബ്രിജിത് കെ.ബേബി, കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജെ. അലക്സാണ്ടർ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബിനു തോമസ്, പ്രിൻസിപ്പൽ ജേക്കബ് ജോൺ, കോട്ടയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ കെ.തോമസ്, ഹെഡ്മാസ്റ്റർ തോമസ് എബ്രഹാം, പി.ടി.എ. പ്രസിഡന്റ് മധു മോഹൻ, വൈസ് പ്രസിഡന്റ് തുളസി മണപ്പുറം, സ്റ്റാഫ് സെക്രട്ടറി ജേക്കബ് ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
Published: 29 Sept 2026, 02:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented