ആലപ്പുഴ : കനത്തമഴയിൽ നഗരത്തിൽ കൊമ്മാടിയിലെ റേഷൻകട ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. കൊമ്മാടി ജങ്ഷനു പടിഞ്ഞാറ് പ്രിയംവദയുടെ ഉടമസ്ഥതയിലുള്ള റേഷൻകടയിലാണ് വെള്ളംകയറിയത്. ഇവിടത്തെ 20 ചാക്ക് റേഷനരി നശിച്ചു.

To advertise here,

റേഷൻ കടയോടുചേർന്നുള്ള മറ്റു മുറികളിൽ പ്രവർത്തിക്കുന്ന 11 സ്ഥാപനങ്ങളിലും വെള്ളംകയറി. പലചരക്കു കട, പ്ലാസ്റ്റിക് കസേരക്കട, ആയുർവേദ മരുന്നുകട, മെഡിക്കൽ സ്റ്റോർ തുടങ്ങിയവയിലും വെള്ളം കയറി. കനത്ത മഴയിൽ വെള്ളംകയറുമെന്ന ആശങ്ക ഉയർന്നതോടെ പലചരക്കുകട നടത്തുന്നവർ ബുധനാഴ്ച രാത്രി അരിച്ചാക്കുകൾ ഉയർത്തിവെച്ചിരുന്നു. എന്നാൽ, അതിനും ഉയരത്തിലേക്ക് വെള്ളമെത്തുകയായിരുന്നു.

ദേശീയപാതയുടെ അശാസ്ത്രീയ നിർമാണമാണ് കൊമ്മാടിയുടെ പടിഞ്ഞാറൻമേഖലയിലുള്ള വ്യാപാരികൾക്ക് തിരിച്ചടിയായത്. ദേശീയപാതയിലെ മേൽപ്പാലത്തിന്റെ പടിഞ്ഞാറുവശത്തുകൂടി വെള്ളം താഴേക്ക് ഒഴുകുകയാണ്. കാനയും കവിഞ്ഞ് ഈ വെള്ളം സമീപത്തെ കടകളിലേക്ക് എത്തുകയായിരുന്നു. സമീപമുള്ള വീട്ടിലും വെള്ളം കയറി.

കൊമ്മാടി മുതൽ പാതിരപ്പള്ളി വരെയുള്ള ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തുള്ള സർവീസ് റോഡും പലയിടത്തും വെള്ളത്തിലാണ്. മേൽപ്പാലങ്ങളിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നതാണ് ഈ ഭാഗങ്ങളിലും പ്രശ്നം. ഇതിനുമുൻപും ഈ മേഖലയിൽ വെള്ളം കയറിയിട്ടുണ്ട്. ജനം പ്രതിഷേധിച്ചപ്പോൾ പ്രശ്നപരിഹാരത്തിന് ദേശീയപാതാ അധികൃതരോട് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.