തെന്മല :കെ.എസ്.ഐ.ബി.യുടെ തെക്കൻകേരളത്തിലെ വൈദ്യുതിപ്രസരണ ഹബ്ബാകാൻ ഇടമൺ സബ്‌സ്റ്റേഷൻ. 220 കെ.വി.യിൽനിന്ന് 400 കെ.വി.യിലേക്ക് സബ്‌‌സ്റ്റേഷന്റെ ശേഷി ഉയർത്തുന്നതിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച 10-ന് വൈദ്യുതിമന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കുന്നതോടെ വൻപദ്ധതിക്ക് തുടക്കമാവുകയാണ്. 400 കോടിയുടെ പദ്ധതി ഘട്ടംഘട്ടമായി അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

To advertise here,

നിലവിൽ തമിഴ്‌നാട്ടിലെ കൂടംകുളത്തുനിന്ന് ഇടമൺവഴി കൊണ്ടുപോകുന്ന വൈദ്യുതിയുടെ അളവ് ഇതോടെ മെച്ചപ്പെടുത്താനാകും. 220 കെ.വി. ലൈനുകൾ വഴി 600 മെഗാവാട്ട് വൈദ്യുതിയാണ് സബ്‌സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നത്. സ്ഥാപിതശേഷി കുറവായതിനാൽ സമീപത്തുകൂടി പോകുന്ന (ഇടമൺ-കൊച്ചി) പവർ ഹൈവേയുടെ രണ്ട് 400 കെ.വി. ലൈനുകൾ സബ്‌സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടില്ല. പദ്ധതി പൂർത്തിയാകുമ്പോൾ 400 കെ.വി.യിലേക്ക് ഉയരും. ഇതോടെ നാല് 400 കെ.വി. ലൈനുകൾ സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കാനാകും. പൂർണമായും ആധുനിക സാങ്കേതികസംവിധാനമാകും പദ്ധതിയിൽ ഉപയോഗിക്കുന്നത്. പ്രധാനമായും ‘ഗ്യാസ് ഇൻസുലേറ്റ്’ സാങ്കേതികവിദ്യയിലാകുമെന്ന് സൂചനയുണ്ട്. നിലവിലുള്ള 220 കെ.വി. സബ്‌സ്റ്റേഷൻ 'യാഡി'ൽ നിറഞ്ഞുനിൽക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പകരം കുറഞ്ഞ സ്ഥലത്ത്‌ ആധുനിക സംവിധാനത്തോടെ നിർമിക്കുന്നതാണ് 'ഗ്യാസ് ഇൻസുലേറ്റഡ്' രീതി. ഇതിനു നിലവിലുള്ള 110 കെ.വി., 220 കെ.വി. സംവിധാനങ്ങളുടെ നവീകരണപ്രവർത്തനങ്ങൾ നടക്കും. സമീപത്തുകൂടി പോകുന്ന ഇടമൺ-കൊച്ചി ലൈനുകൾ സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ജോലികളും ചെയ്യേണ്ടതുണ്ട്.

1500 മെഗാവാട്ട് സ്ഥാപിതശേഷിയാകും

:പദ്ധതി പൂർത്തീകരിക്കുന്നതോടെ തെക്കൻകേരളത്തിൽ കെ.എസ്.ഐ.ബി.യുടെ ആദ്യ 400 കെ.വി. സബ്സ്റ്റേഷനാകും ഇടമൺ. കൂടാതെ 1500 മെഗാവാട്ട് സ്ഥാപിതശേഷിയിലേക്ക്‌ ഉയരുകയും ചെയ്യും. പ്രസരണസംവിധാനം കുറ്റമറ്റതാക്കാനും സാധിക്കും.

തിരുവനന്തപുരത്ത് 400 കെ.വി. സബ്‌സ്റ്റേഷനുണ്ടെങ്കിലും പവർഗ്രിഡിൻെറ ഭാഗമാണ്‌. നിലവിലുള്ള പുനലൂർ, കൊട്ടാരക്കര 110 കെ.വി. സബ്സ്റ്റേഷനുകളുടെ സ്ഥാപിതശേഷിയും വർധിപ്പിക്കാനാകും.

1978-ലാണ് ഇടമൺ സബ്സ്റ്റേഷൻ സ്ഥാപിതമായത്. അന്ന് മൂഴിയാറി (ശബരിഗിരി പവർ ഹൗസ്)ൽനിന്ന് 220 കെ.വി. ലൈനും തമിഴ്നാട്ടിൽനിന്നുള്ള 220 കെ.വി. ലൈനും കടന്നുപോകത്തക്ക രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. ഈ വൈദ്യുതി കൈമാറ്റത്തിൻെറ ഇടത്താവളമായാണ് ഇടമൺ സബ്‌സ്റ്റേഷൻ സ്ഥാപിച്ചത്.

മുൻപ്‌ തിരുവനന്തപുരം നഗരത്തിലേക്കാവശ്യമായ വൈദ്യുതിയെത്തിച്ചിരുന്നത് ഇടമണ്ണിൽനിന്നാണ്. 1990 വരെ ഇതു തുടർന്നു. നിലവിൽ കല്ലട അണക്കെട്ടിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും ഇടമണ്ണിൽനിന്നാണ് പ്രസരണഗ്രിഡുമായി ബന്ധിപ്പിക്കുന്നത്.