പുനലൂർ :മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാനും താഴേത്തട്ടിൽ അടിയന്തര വിദഗ്ധചികിത്സ ലഭ്യമാക്കാനുമായി ആരോഗ്യവകുപ്പ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച '24X7 പ്രതീക്ഷ സെന്റർ' പദ്ധതി വിജയകരമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഈ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് വടകര ജില്ലാ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഈമാസം അവസാനത്തോടെ പ്രതീക്ഷാ സെന്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

സ്‌പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ ജനങ്ങൾക്ക് വലിയ നേട്ടമാണുണ്ടായതെന്നും പദ്ധതി മാതൃകാപരമായി മുന്നോട്ടുപോകുന്നതിൽ പുനലൂർ എം.എൽ.എ. സി. അജയപ്രസാദ് സംതൃപ്തി രേഖപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയിൽനിന്ന് രോഗികളെ മറ്റ്‌ ആശുപത്രികളിലേക്ക് അയയ്ക്കുന്നത് 30 ശതമാനംവരെ കുറയ്ക്കാൻ കഴിഞ്ഞതായും പദ്ധതി നടപ്പാക്കിയതോടെ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രസവങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായതായും സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽ അവലോകനയോഗത്തിൽ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യദൗത്യ(എൻ.എച്ച്.എം.)ത്തിന്റെ സഹായത്തോടെ മൂന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയും രണ്ടുവീതം ഗൈനക്കോളജിസ്റ്റ്, അനസ്തീസിയോളജിസ്റ്റ് എന്നിവരെയും ഒരു പീഡിയാട്രീഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്. മൂന്ന് സർജൻമാരെക്കൂടി ഉടൻ നിയമിക്കും.

ഈ വർഷം ഡിസംബർവരെ വിവിധ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി, ഫലം വിലയിരുത്തിയശേഷം സംസ്ഥാനതലത്തിൽ പൂർണതോതിൽ നടപ്പാക്കും. നിലവിൽ താത്‌കാലിക നിയമനങ്ങളിലൂടെ ആവശ്യമായ ജീവനക്കാരെ ആശുപത്രികളിൽ വിന്യസിക്കുന്നുണ്ട്.

ഇതോടൊപ്പം സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കൽ, പ്രൊവിഷണൽ പ്രമോഷൻ, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് അമിത ജോലിഭാരമുണ്ടാകാത്ത തരത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും ആശുപത്രി സൂപ്രണ്ടുമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

പദ്ധതി വ്യാപിപ്പിക്കുകവഴി ഓരോ ജില്ലയിലും രണ്ട് ആശുപത്രികളെവീതം പ്രതീക്ഷാ സെന്ററുകളാക്കി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ പ്രധാന സ്‌പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ജനങ്ങൾക്ക് വീടിനു സമീപത്തുള്ള സർക്കാർ ആശുപത്രികളിൽത്തന്നെ മുഴുവൻ സമയവും വിദഗ്ധചികിത്സ ലഭ്യമാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ ​െറ​ഫറലുകൾ കുറയ്ക്കാനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.