കൊട്ടിയം : മൂടിയില്ലാതെ മലിനജലം നിറഞ്ഞൊഴുകുന്ന ഓട നാട്ടുകാർക്ക് ദുരിതമായി. ദേശീയപാതയിലൂടെ ഒഴുകിയെത്തുന്ന ശൗചാലയമാലിന്യം അടക്കമുള്ള മലിനജലം ഇടറോഡിലെ ഓടയിലേക്കു കടന്ന് കെട്ടിക്കിടക്കുന്നത് പരിസരത്ത് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എ.എം.റാഫി പറഞ്ഞു.

To advertise here,

ജനവാസമേഖലയിലൂടെ കടന്നുപോകുന്ന വാഴപ്പള്ളി-പാർക്ക്മുക്ക് റോഡിന്റെ വശത്താണ് പരിസരമാകെ ദുർഗന്ധം പരത്തി ഓട ഒഴുകുന്നത്. ഓടയ്ക്കു മൂടിയില്ലാത്തതിനാൽ കൊതുകുശല്യം രൂക്ഷമായി. ദേശീയപാതയിലെ ഓടയിലേക്ക് കടകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം തുറന്നുവിടുന്നത് പ്രശ്നം ഗുരുതരമാക്കുന്നു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ ശൗചാലയത്തിൽനിന്നുള്ള മാലിന്യംവരെ ഓടയിലേക്ക് തുറന്നുവിടുന്നു. പ്രദേശത്ത് കൊതുകുജന്യരോഗങ്ങളും വ്യാപകമാണ്. പടർന്നുപിടിച്ച ഹെപ്പറ്റൈറ്റിസ് നിയന്ത്രണവിധേയമായെങ്കിലും ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ല. ഓടയിൽ മലിനജലം നിറഞ്ഞതോടെ സമീപത്തെ കിണറുകൾ അടക്കമുള്ള ജലസ്രോതസ്സുകളെല്ലാം മലിനമായി. ദേശീയപാതയിലെ ഓടയിൽനിന്ന്‌ മലിനജലം ഒഴുകിയെത്തുന്നതു തടയുന്നതിനും ഓടയിലേക്ക് മലിനജലം തുറന്നുവിടുന്നവർക്കെതിരേയും ശക്തമായ നടപടികളെടുക്കാൻ ദേശീയപാതവിഭാഗം അധികൃതർ തയ്യാറാകണമെന്ന് എ.എം. റാഫി ആവശ്യപ്പെട്ടു.