ചടയമംഗലം : ഇടമുളയ്ക്കൽ പഞ്ചായത്ത് വിഭജിച്ച് അറയ്ക്കൽ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടമുളയ്ക്കൽ, അറയ്ക്കൽ വില്ലേജുകളിലായി 23 വാർഡുകളും 50,000-ത്തോളം ജനസംഖ്യയുമുണ്ട്. അഞ്ചൽ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണത്തിലും ജനസംഖ്യയിലും ഇടമുളയ്ക്കൽ പഞ്ചായത്ത് മുന്നിലാണ്. ഇതുമൂലം വികസനരംഗത്ത് പരിമിതികളും നിലനിൽക്കുന്നു.

To advertise here,

 

താലൂക്ക് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കണക്കനുസരിച്ച് അറയ്ക്കൽ വില്ലേജിൽ ജനസംഖ്യയിൽ വർധനയുണ്ടായിട്ടുണ്ട്. 1500-ൽ കുറവ് ജനസംഖ്യയുള്ള ഒരു വാർഡുപോലും ഇടമുളയ്ക്കൽ പഞ്ചായത്തിലില്ല. നാനൂറോളം വീടുകളുള്ള പടിഞ്ഞാറ്റിൻകര വാർഡാണ് ജനസംഖ്യയിൽ മുന്നിൽ. നീറായിക്കോട് വാർഡാണ് പിന്നിൽ.

ഉമ്മൻ‌ ചാണ്ടി സർക്കാരിന്റെ കാലത്ത് പുതിയ പഞ്ചായത്തെന്ന ആവശ്യം അംഗീകരിക്കപ്പെടുകയും അറയ്‌ക്കൽ പഞ്ചായത്ത്‌ രൂപവത്കരണത്തിന് പ്രത്യേക ഫയൽ തുടങ്ങുകയും ചെയ്തു.

വിഭജനം അനിവാര്യമായ എഴുപതിൽപ്പരം പഞ്ചായത്തുകൾ രേഖപ്പെടുത്തി 2015 ജനുവരിയിൽ സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കി. എന്നാൽ മലബാർ മേഖലയിലെ വാർഡ് പുനർനിർണയിച്ചതിലുണ്ടായ തർക്കങ്ങൾ കോടതിയിലെത്തി തിരഞ്ഞെടുപ്പ് വന്നതോടെ തടസ്സപ്പെട്ടു.

പുതിയ ജില്ലകൾ രൂപവത്കരിക്കണമെന്ന് സർക്കാർ നിരീക്ഷണം നടത്തിയത് പ്രതീക്ഷയോടെയാണ് ജനം കാണുന്നത്. ഇടമുളയ്ക്കൽ പഞ്ചായത്ത് വിഭജിച്ച് പുതിയ അറയ്ക്കൽ പഞ്ചായത്ത് രൂപവത്കരണത്തിന് അനുകൂലമായ സാഹചര്യങ്ങളും ഏറെയാണ്.

ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് ഇടമുളയ്ക്കൽ. പുതിയ പഞ്ചായത്ത് രൂപവത്കരണത്തിന് സർക്കാർ പരിഗണിക്കുന്ന മാനദണ്ഡങ്ങളും അറയ്ക്കൽ പഞ്ചായത്തിന് അനുകൂലമാണ്.

പഞ്ചായത്തിരാജ് ആക്ട് പ്രകാരം ഒരു പഞ്ചായത്തിന് 20,000-35,000 വരെയുള്ള ജനസംഖ്യയാണ് അഭികാമ്യം. ഇടമുളയ്ക്കൽ പഞ്ചായത്ത് വിഭജിച്ചാൽ രണ്ടിടത്തും 20,000-ൽ കൂടുതൽ ജനസംഖ്യ ഉണ്ടാകും.

ആകെ വിസ്തൃതി 38.73 ചതുരശ്ര കിലോമീറ്റർ ആണ്. മലയോരമേഖലയായതിനാൽ ഭരണസൗകര്യത്തിന് വിഭജനം അനിവാര്യമാണ്.

ഭരണപരമായ ‘അകലം’ പരിഹരിക്കണം

ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന പനച്ചവിളയിൽനിന്ന് വാളകം, ആയൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് 10 കിലോമീറ്റർ ദൂരമുണ്ട്. പ്രായമായവർ, കർഷകർ എന്നിവർ പഞ്ചായത്ത് ഓഫീസിലെത്താൻ പ്രയാസമനുഭവിക്കുന്നു. അറയ്ക്കൽ പഞ്ചായത്ത്‌ ആസ്ഥാനമായാൽ അറയ്‌ക്കൽ വില്ലേജിലെ വാർഡുകൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭ്യമാകും.

പഞ്ചായത്തിന്റെ വടക്ക് വെട്ടിക്കവല, കരവാളൂർ പഞ്ചായത്തുകളും കിഴക്ക് അഞ്ചൽ, ഇട്ടിവ, തെക്ക് ചടയമംഗലം, പടിഞ്ഞാറ് ഇളമാട്, ഉമ്മന്നൂർ പഞ്ചായത്തുകളുമാണ്.

പൊടിയാട്ടുവിള, കൈതക്കെട്ട്, തടിക്കാട്, തേവർതോട്ടം, മതുരപ്പ, അസുരമംഗലം, വെള്ളൂർ, അറയ്ക്കൽ, ഇടയം, പെരുമണ്ണൂർ, വാളകം വാർഡുകൾ ഉൾപ്പെടുത്തി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതു സംബന്ധിച്ച് മുൻപ് പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മലമേൽ-അറയ്ക്കൽ മേഖല പ്രത്യേക ഇക്കോ-ടൂറിസം കോറിഡോർ ആയി വികസിപ്പിക്കാൻ പ്രത്യേക പഞ്ചായത്ത് ഭരണം ഗുണകരമാകും. അറയ്ക്കൽ മേഖലയിലെ അടിസ്ഥാനസൗകര്യക്കുറവ്, കുടിവെള്ളം, റോഡ്, ആരോഗ്യകേന്ദ്രം, അങ്കണവാടികളുടെ നിർമാണവും നവീകരണം എന്നിവയും മെച്ചപ്പെടും.

‘പുതിയ പഞ്ചായത്തിന് ശ്രമം തുടരും’

സർക്കാരിന്റെ പുതിയ നയമനുസരിച്ച് പുതിയ ജില്ലകളും പഞ്ചായത്തുകളും രൂപവത്കരിക്കാൻ ശ്രമിക്കുന്നത് പ്രതീക്ഷ നൽകുന്നു. ഇതിനായി നേരത്തേ തുടങ്ങിയ കൂട്ടായ പരിശ്രമം ഇനിയും തുടരും. അറയ്ക്കൽ പഞ്ചായത്ത് രൂപവത്കരണം ജനങ്ങളുടെ ആവശ്യത്തിന് ഏറെ സഹായിക്കുമെന്നത് ഉറപ്പാണ്.

വി.എസ്. റാണ

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം