കരിമ്പൻ ബസ് സ്റ്റാൻഡ് നാഥനില്ലാക്കളരി

To advertise here,

ചെറുതോണി : സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിങ്മൂലം കരിമ്പൻ ബസ് സ്റ്റാൻഡിൽ ബസ് കയറ്റാനാകാത്ത അവസ്ഥ. കാറുകളും ചരക്കുവാഹനങ്ങളും ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്റ്റാൻഡ് കൈയ്യടക്കിയതോടെ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസുകൾക്ക് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയാത്ത സ്ഥിതിയാണ്.

ഇതോടെ ബസുകൾ ദേശീയപാതയിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.

അടിമാലി–കുമളി ദേശീയപാതയിലെ കരിമ്പൻ സ്റ്റാൻഡിലൂടെ കുമളി –എറണാകുളം, അടിമാലി–കട്ടപ്പന, ചെറുതോണി–വണ്ണപ്പുറം–തൊടുപുഴ തുടങ്ങി നിരവധി ബസ് സർവീസുകളാണ് കടന്നുപോകുന്നത്.

വീതികുറഞ്ഞ റോഡിനോട് ചേർന്നുള്ള സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും കാരണമാകുന്നു.

ഒട്ടേറെ പ്രാവശ്യം പഞ്ചായത്ത് അധികൃതരെയും മോട്ടോർ വാഹന വകുപ്പിനെയും വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

മുൻപ് സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറകൾ ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്നില്ല. രാത്രിയിൽ വെളിച്ചമില്ലാത്തതും സമൂഹവിരുദ്ധരുടെ ശല്യത്തിന് ഇടയാക്കുന്നു.

ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാനാകാതെ റോഡിൽ നിർത്തുന്നതിനിടെ യാത്രക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ പോലീസ് ഉൾപ്പെടെയുള്ള അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.