രാമക്കൽമേട്– അമ്മാവൻപടി മേഖലയിൽ അപകടങ്ങൾ പതിവ്

To advertise here,

തൂക്കുപാലം : ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേടിലൂടെ കടന്നുപോകുന്ന കമ്പംമെട്ട്- വണ്ണപ്പുറം മലയോര ഹൈവേയിൽ അമ്മാവൻപടി- ബാലൻപിള്ളസിറ്റി റോഡ് ചേരുന്ന ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു.

കയറ്റവും വളവുമുള്ള ഈ ഭാഗത്ത് ഇരുദിശകളിൽനിന്നും എത്തുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതാണ് പ്രധാനമായും അപകടഭീഷണി ഉയർത്തുന്നത്.

ബാലൻപിള്ളസിറ്റിയെയും പരിസര പ്രദേശങ്ങളെയും കുറഞ്ഞ ദൂരത്തിൽ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാതയായതിനാൽ ഹൈവേ നിലവിൽവന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം വൻതോതിൽ വർധിച്ചിട്ടുണ്ട്.

ഹൈവേയിലൂടെ എത്തുന്ന അമിതവേഗത്തിലുള്ള വാഹനങ്ങളും പ്രവേശന റോഡിൽനിന്നുവരുന്ന വാഹനങ്ങളും പരസ്പരം കാണാൻ കഴിയാതെ കൂട്ടിയിടിക്കുകയാണ്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചെറുതും വലുതുമായ മുപ്പത്തഞ്ചോളം അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്.

വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾക്ക് പുറമേ ബൈക്ക് യാത്രികർക്ക് നിയന്ത്രണം നഷ്ടപ്പെട്ടുണ്ടാകുന്ന അപകടങ്ങളും പതിവാണ്. കഴിഞ്ഞദിവസമുണ്ടായ ബൈക്ക് അപകടത്തിൽ വിനോദസഞ്ചാരികളായ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.

സ്ഥിരം സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും പലതവണ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഇവിടെ അമിതവേഗം തടയാൻ സ്പീഡ് ബ്രേക്കറുകളും ഇരുവശങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങൾ കാണാൻ തക്കവിധം കോൺവെക്സ് ട്രാഫിക് മിററുകളും സ്ഥാപിച്ചാൽ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയും.

അതോടൊപ്പം ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് വേഗനിയന്ത്രണം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഇതിന് അപകടം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുത്. കേരളത്തിലെയും തമിഴ്നാട്ടിലേയും യാത്രക്കാർ ഒരുപോലെ ഉയോഗിക്കുന്ന വഴിയാണ് ഇത്. അപകടത്തുരുത്താക്കരുത്.