ഏറ്റെടുക്കേണ്ടത് 0.2061 ഹെക്ടർ ഭൂമി

To advertise here,

പുനലൂർ :കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട്ട് പുതിയ റെയിൽവേ മേൽപ്പാലം പണിയുന്നതിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായി. ദേശീയപാതനിയമത്തിന്റെ 3എ വകുപ്പുപ്രകാരം റോഡ് ഗതാഗതവും ദേശീയപാതയും മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇതുപ്രകാരം വാളക്കോട് വില്ലേജിലെ ബ്ലോക്ക് നമ്പർ 45-ൽ 115, 196, ബ്ലോക്ക് നമ്പർ 47-ൽ 23, 220 എന്നീ സർവേ നമ്പറുകളിൽനിന്നായി 0.2061 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.

പാലം നിർമാണത്തിനു കഴിഞ്ഞമാസം ടെൻഡർ ക്ഷണിച്ചിരുന്നു. ഇനി ടെൻഡർ തുറന്നു നടത്തുന്ന സാങ്കേതിക യോഗ്യതാപരിശോധനയിൽ വ്യവസ്ഥകൾ പാലിക്കുന്നവർക്ക് കരാർ നൽകും. ഭൂമി ഏറ്റെടുത്താലുടൻ നിർമാണം തുടങ്ങാൻ കഴിയുംവിധം ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.) നടപടികൾ ത്വരിതപ്പെടുത്തിവരികയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.

പുനലൂരിൽനിന്ന് തെന്മലയിലേക്കുള്ള ദിശയിൽ നിലവിലെ പാലത്തിന്റെ വലതുവശത്തായാണ് ഭൂമി ഏറ്റെടുക്കേണ്ടത്. സ്ഥലത്തെ കൈയേറ്റവും ഒഴിപ്പിക്കും. പാലം നിർമാണത്തിന് എൻ.എച്ച്.എ.ഐ. നേരത്തെ അനുവദിച്ചിട്ടുള്ള 9.33 കോടി രൂപയിൽ 1.7 കോടി ഭൂമി ഏറ്റെടുക്കലിന് ചെലവഴിക്കും.

കഷ്ടിച്ച് 5.5 മീറ്റർ വീതിയുള്ളതും നൂറ്റാണ്ടു പഴക്കമുള്ളതുമായ നിലവിലെ പാലത്തോടു ചേർന്ന് 29.5 മീറ്റർ നീളത്തിലും 8.25 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തോടു ചേർന്ന് പുതിയ റോഡ് നിർമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ അനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് സമാന്തര മേൽപ്പാലം നിർമിക്കാൻ ധാരണയായത്.

നിലവിലെ പാലത്തിൽ ഒരേസമയം ഒരുവശത്തേക്കു മാത്രമേ ഗതാഗതം സാധിക്കുന്നുള്ളൂ. കൊല്ലംമുതൽ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുമംഗലംവരെ ഏകദേശം 206 കിലോമീറ്റർ നീളുന്ന പാതയിൽ ഇത്തരമൊരു ഇടുങ്ങിയ പാലം വേറെയില്ല.

1904-ൽ കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി നിർമിച്ച പാലമാണിത്. പുതിയപാലം പൂർത്തിയായാൽ നിലവിലെ പാലംകൂടി ഗതാഗതത്തിന് ഉപയോഗിച്ചുകൊണ്ട് ഇവിടത്തെ ഗതാഗതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്നാണ് പ്രതീക്ഷ.