വാടാനപ്പള്ളി : കുടിവെള്ളം കിട്ടാതെ വലഞ്ഞ വീട്ടമ്മമാർ പരിഹാരം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ കുത്തിയിരിപ്പുസമരം നടത്തി. കണ്ടശ്ശാംകടവ് പാലത്തിനു തെക്ക് പടിഞ്ഞാറേക്കരയിൽ മായാനദിക്കുസമീപം താമസിക്കുന്നവരാണ് കുടിവെള്ളം കിട്ടാത്തതിനാൽ സമരവുമായി രംഗത്തിറങ്ങിയത്.
വാടാനപ്പള്ളി പഞ്ചായത്തിലെ 12-ാം വാർഡിൽ ഉൾപ്പെട്ട കനോലി കനാലിന്റെ തീരദേശമായ ഇവിടെ മൂന്നുവർഷമായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. 40-ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. പുഴയോരപ്രദേശമായ ഇവിടത്തെ കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിയുടെ ടാപ്പുകളെയാണ് ആശ്രയിച്ചുപോരുന്നത്.
പണമടച്ചിട്ടും ടാപ്പുകളിൽ വെള്ളം വരാത്തതാണ് കുടുംബങ്ങളെ വലച്ചത്. കുടിവെള്ളം വല്ലപ്പോഴുമാണ് ടാപ്പുകളിൽ എത്തുന്നത്. ടാപ്പു തുറന്നാൽ വായുവാണ് വരുന്നത്. ടാങ്കുകളിൽ ശേഖരിച്ചുവെച്ചിരുന്ന വെള്ളമെല്ലാം കഴിഞ്ഞതോടെ ഏറെ പ്രയാസത്തിലാണ് കുടുംബങ്ങൾ. ഇതോടെയാണ് പ്രദേശത്തെ സ്ത്രീകൾ തളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർ അതോറിറ്റി ഓഫീസിലെത്തി പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം നടത്തിയത്.
നേരത്തേ സമരം ചെയ്തപ്പോൾ തിരഞ്ഞെടുപ്പുസമയത്ത് ഒരു മാസക്കാലം കുടിവെള്ളം മുടങ്ങാതെ വന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വെള്ളമില്ലാത്ത അവസ്ഥയായതായി പറയുന്നു. ജില്ലാ കളക്ടർ, എം.എൽ.എ., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർക്ക് പലതവണ പരാതി നൽകിയിട്ടും കുടിവെള്ളം ലഭിക്കാനുള്ള ഒരു നടപടിയും ഇല്ലാതെവന്നതോടെയാണ് സമരം.
പരിഹാരമാകുന്നതുവരെ കുത്തിയിരിപ്പുസമരവുമായി മുന്നോട്ടുപോകുമെന്ന് വീട്ടമ്മമാർ പറഞ്ഞു. വിവരമറിഞ്ഞ് വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ. സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ റെജീനാ രാജു, വി. മുരളിധരൻ എന്നിവരും സ്ഥലത്തെത്തി.
നാലു ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മമാർ കുത്തിയിരിപ്പുസമരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ടുപോകുമെന്ന് വീട്ടമ്മമാർ പറഞ്ഞു.
Published: 25 Nov 2026, 02:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented