കൊല്ലം : പല ദേശങ്ങളിൽനിന്ന് പത്തനാപുരം ഗാന്ധിഭവനിലെത്തിയ, നിരാലംബരായ 'അച്ഛന്മാർ' അത്യാധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് താമസം മാറ്റി. 20 കോടി രൂപ മുടക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമിച്ചുനൽകിയ പിതൃഭവനത്തിന്റെ താക്കോൽ മുഖ്യമന്ത്രി വി.ഡി. സതീശനിൽനിന്ന് അവർ ഏറ്റുവാങ്ങി. പുതുവസ്ത്രങ്ങൾ അണിഞ്ഞെത്തിയ അന്തേവാസികൾ ഹർഷാരവത്തോടെ പുഞ്ചിരിപൊഴിച്ചു. പുതിയ നാലുനില കെട്ടിടത്തിലെ ശീതീകരിച്ച ഹാളിലായിരുന്നു ചടങ്ങ്.
ലുലു ഗ്രൂപ്പിന്റെതന്നെ മേൽനോട്ടത്തിലായിരുന്നു വലിയ കെട്ടിടത്തിന്റെ നിർമാണം. രണ്ടുമാസംമുൻപ് നിർമാണപുരോഗതി വിലയിരുത്താൻ എത്തിയ യൂസഫലിക്ക് ചില കാര്യങ്ങളിൽ അതൃപ്തിതോന്നി. അദ്ദേഹം ചില നിർദേശങ്ങൾകൂടി മുന്നോട്ടുവെച്ചു. കെട്ടിടത്തിലെ ശൗചാലയങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ പുതുക്കി നിർമിച്ചു. ഓഡിറ്റോറിയം ശീതീകരിച്ചതും യൂസഫലിയുടെ നിർദേശപ്രകാരമാണ്.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ നാലുനിലകളിലായി നിർമാണം പൂർത്തിയാക്കിയ ബഹുനിലമന്ദിരം 250 പുരുഷ അന്തേവാസികൾക്ക് തണലാകും. ഡോർമിറ്ററി സൗകര്യം, പ്രാർഥനാമുറികൾ, ലൈബ്രറി, ഡൈനിങ് ഹാൾ, നഴ്സിങ് റൂം, പ്രത്യേക പരിചരണമുറി എന്നിവയടക്കം അത്യാധുനിക സൗകര്യമൊരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്ക് ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിൽ അഡ്ജസ്റ്റബിൾ ബെഡ് ഉൾപ്പെടെയാണ് 250 കിടക്കകൾ ഒരുക്കിയിരിക്കുന്നത്.
2016-ൽ ഗാന്ധിഭവൻ സന്ദർശനവേളയിലാണ് അന്തേവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ എം.എ. യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി മന്ദിരം നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്.
2022 നവംബറിൽ ഗാന്ധിഭവനിൽ അമ്മമാർക്കായി 18 കോടി ചെലവിൽ സ്നേഹമന്ദിരമൊരുക്കി കൈമാറിയിരുന്നു. അമ്മമാർക്കുള്ള മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ഇവിടത്തെ പുരുഷ അന്തേവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പുതിയ മന്ദിരം നിർമിക്കാൻ തീരുമാനിച്ചത്.
ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും എം.എ. യൂസഫലിയും ഗാന്ധിഭവനിലെ അന്തേവാസികളുമായി ഏറെനേരം സ്നേഹസംഭാഷണം നടത്തി. 'ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്’-ഓരോരുത്തരോടും യൂസഫലി ചോദിച്ചു. ഹിന്ദിക്കാരായ അന്തേവാസികളോട് ഹിന്ദിയിൽ കുശലം പറഞ്ഞു.
മുഖ്യമന്ത്രി ഓരോരുത്തരുടെയും കിടക്കയ്ക്ക് അരികിലെത്തി അവരോട് സംസാരിച്ചു.
Published: 24 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented