ഒരാഴ്ചകൂടി ഡ്രൈവ് തുടരുമെന്ന് റേഞ്ച് ഓഫീസർ

To advertise here,

മോതിരക്കണ്ണി : ഉപേക്ഷിച്ച പൈനാപ്പിൾ തോട്ടത്തിൽ രണ്ടാഴ്ചയായി കാട്ടാനകൾ സ്ഥിരം സാന്നിധ്യമെന്ന് സമീപവാസികൾ. മോതിരക്കണ്ണി ജനവാസമേഖലയിൽ കാട്ടാനകൾ പതിവായെത്തുന്നതിനാൽ വീട്ടുകാർ ആശങ്കയിലാണ്.

തോട്ടം ഉപേക്ഷിച്ചെങ്കിലും മുളച്ചുവരുന്ന പൈനാപ്പിൾ തൈകൾ തിന്നാനാണ് ഇവയെത്തുന്നത്. വൈകീട്ട് എട്ടരയോടെ എത്തുന്നവ പുലർച്ചെയാണ് കാട്ടിലേക്ക് കയറിപ്പോകുക. പട്രോളിങ്ങിനെത്തുന്ന വനപാലകർ ആനകളെ ഓടിക്കുന്നുണ്ടെങ്കിലും വൈകാതെ തിരികെയെത്തുന്ന സാഹചര്യമാണ്.

ഓട്ടോറിക്ഷ തൊഴിലാളിയായ മുരിങ്ങ്യൻ ടെന്നീസന്റെ വീടിനോടുചേർന്നാണ് തോട്ടം. കളിഞ്ഞ ദിവസം ഒരാനയും അതിനു മുൻപുള്ള ദിവസം രണ്ടെണ്ണവും എത്തി. അതിനു മുൻപുള്ള ദിവസങ്ങളിൽ അഞ്ചും ആറും ആനകൾ കൂട്ടമായും വന്നിരുന്നതായി ടെന്നീസൺ പറഞ്ഞു.

വട്ടോലി ബിജുവിന്റെ തെങ്ങ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന മറിച്ചിട്ടു. സമീപവാസിയായ നരിക്കാട്ടിൽ ഷാജിയുടെ വാഴയും കവുങ്ങുകളും നശിപ്പിക്കാതിരിക്കാൻ രാത്രി വീടിന്റെ ടെറസിലാണ് കിടന്നുറങ്ങുന്നത്. കാട്ടാനകളെ മറ്റൊരിടത്തേക്കു മാറ്റാനുള്ള ഡ്രൈവ് പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും മാറ്റാനാകുമെന്നും പരിയാരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസഫ് പറഞ്ഞു.

ആർ.ജെ.ഡി. ഉപവാസസമരം

: പീലാർമുഴി, മോതിരക്കണ്ണി മേഖലകളിലെ അറുതിയില്ലാത്ത കാട്ടാനശല്യത്തിൽ വനംവകുപ്പിന്റെ നടപടി കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ ആർ.ജെ.ഡി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ മോറേലി അനിശ്ചിതകാല ഉപവാസസമരം നടത്തുമെന്ന് പഞ്ചായത്തംഗം ജോസഫ് കർത്തനാടൻ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒൻപതിന് മോതിരക്കണ്ണി ജങ്ഷനിൽ ആരംഭിക്കുന്ന സമരം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.