ഓച്ചിറ : അനിയന്ത്രിതമായ ഭക്തജനത്തിരക്കും ആശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനവുംമൂലം ഓച്ചിറ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ദിവസവും വൈകീട്ട് ആറുമണിയോടെ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയും തുടരുകയാണ്. വാഹനങ്ങൾ മണിക്കൂറുകളോളം ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്.
ദേശീയപാതയിൽ കൊട്നാട്ട്മുക്കിലെ കുപ്പിക്കഴുത്തുപോലുള്ളഭാഗത്താണ് വാഹനങ്ങൾ കൂട്ടമായി കുരുക്കിൽപ്പെടുന്നത്. ഇതുമൂലം പള്ളിമുക്കുമുതൽ വടക്കേ മുസ്ലിം പള്ളിവരെയുള്ള സ്ഥലങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.
ഗതാഗതപ്രശ്നം രൂക്ഷമായതോടെ ശക്തമായ പ്രതിഷേധമുയർന്നു. ഇതോടെ കളക്ടർ ആനി ജൂലാ തോമസ് ഓച്ചിറയിലെത്തി അടിയന്തര യോഗം വിളിച്ചുചേർത്തു. സി.ആർ. മഹേഷ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, കരുനാഗപ്പള്ളി എ.സി.പി. വിനോദ്കുമാർ, എസ്.എച്ച്.ഒ. അഭിജിത്ത്, ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ സാഗർ മക്കാടം തുടങ്ങിയവരുമായി പ്രശ്നം ചർച്ചചെയ്തു. തുടർന്ന് സംഘം ദേശീയപാതയിലെ പ്രധാനമായും ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രകവാടത്തിനു മുൻഭാഗത്തെ പാർക്കിങ് നിരോധിച്ചു. അവിടങ്ങളിലെ വഴിയോരകച്ചവടക്കാരെ ഒഴിവാക്കി. ഓട്ടോറിക്ഷാകൾ ഗോപുരത്തിനു മുന്നിൽനിന്ന് രജിസ്ട്രാർ ഓഫീസിനു വടക്കുഭാഗത്തേക്ക് മാറ്റി സർവീസ് നടത്താനും തീരുമാനമായി. പുതിയ ദേശീയപാതയുടെ നിർമാണം നിലച്ച ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. അവിടങ്ങളിൽ ആവശ്യനുസരണം സൈൻ ബോർഡുകൾ വെയ്ക്കാനും തീരുമാനമായി. നിലവിൽ 110 സ്പെഷ്യൽ പോലീസിനെയാണ് നിയമിച്ചിട്ടുള്ളത്. വരുംദിവസങ്ങളിലെ വലിയ തിരക്ക് മുന്നിൽകണ്ടുകൊണ്ട് അധികമായി 50 പേരെക്കൂടി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്പെഷ്യൽ പോലീസിനുള്ള വേതനം ക്ഷേത്രഭരണസമിതിയാണ് നൽകുന്നത്.
അതേസമയം ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരംകാണാൻ ഇരുപത്തെട്ടാംഓണ മാതൃകയിൽ വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള നടപടികൾ ജില്ലാ ഭരണകൂടവും പോലീസും എടുക്കണമെന്ന് ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടു.
Published: 24 Nov 2026, 02:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented