ജലനിരപ്പ് 108 മീറ്റർ

To advertise here,

തെന്മല : മഴ കുറഞ്ഞതോടെ കല്ലട (പരപ്പാർ) അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ കഴിഞ്ഞ ദിവസം 108 മീറ്ററാണ് ജലനിരപ്പ്. തുലാമഴയുൾപ്പെടെ കാര്യമായി ലഭിക്കാത്തതാണ് തിരിച്ചടിയായത്.

ഇതോടെ അണക്കെട്ടിൽനിന്ന് വേനൽക്കാല ജലസേചനം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയുണ്ട്. വേനൽക്കാലത്ത് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി വലതുകര, ഇടതുകര കനാലുകൾ തുറന്ന് വെള്ളമൊഴുക്കാറുണ്ട്.

ഈ സീസണിൽ ഒരുവട്ടംപോലും അണക്കെട്ടിലെ ഷട്ടറുകൾ തുറക്കേണ്ടിവന്നിട്ടില്ല. പോഷകനദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ ആറുകളിൽനിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നില്ല.

അണക്കെട്ടിൽനിന്നുള്ള വൈദ്യുതി ഉത്‌പാദനം പീക്ക് ടൈമിൽ (വൈകീട്ട് ആറുമുതൽ രാത്രി ഒൻപതുവരെ) മാത്രമാക്കിയിട്ടുണ്ട്. ഇതോടെ കല്ലടയാറ്റിലേക്ക് കൂടുതൽ വെള്ളമൊഴുകിയെത്താനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്. ഇടതുകര കനാലിൽ അറ്റകുറ്റപ്പണി തുടങ്ങാനിരിക്കുന്നതിനാൽ ലുക്ക്ഔട്ട് തടയണയിൽ വെള്ളം സംഭരിച്ചുനിർത്തുന്നില്ല.

കല്ലടയാറും പൂർണമായും വറ്റിവരണ്ടനിലയിലാണ്. പാറക്കടവ്, ലുക്ക്ഔട്ട് ഭാഗങ്ങൾ പാറക്കൂട്ടങ്ങൾ മാത്രമായിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പള്ളംവെട്ടി എർത്ത് ഡാമിൽ ഉൾപ്പെടെ മൊട്ടക്കുന്നുകൾ തെളിഞ്ഞനിലയിലാണ്.

കഴിഞ്ഞ വർഷം ഇതേസമയം 110 മീറ്ററിനു മുകളിലായിരുന്നു ജലനിരപ്പ്. 2024 നവംബറിൽ 113.08 മീറ്ററായിരുന്നു. 2022-ൽ 112.05 മീറ്ററും 2021-ൽ 114.82 മീറ്ററും.