അശാസ്ത്രീയ വാഹന പാർക്കിങ്ങിനെതിരേ നടപടിയില്ല

To advertise here,

തൃപ്രയാർ : അശാസ്ത്രീയ വാഹന പാർക്കിങ് ദേശീയപാതയിൽ മനുഷ്യജീവനുകൾ അപഹരിക്കുമ്പോഴും ദേശീയപാത അതോറിറ്റിയും ഹൈവേ പോലീസും നിസ്സംഗത തുടരുന്നു. റോഡ് നിർമാണക്കമ്പനിയുടെ അനാസ്ഥയിലും അശ്രദ്ധയിലും പൊലിയുന്ന ജീവനുകൾ നിരവധിയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വലപ്പാട് ആനവിഴുങ്ങിയിൽ ദേശീയപാത മേൽപ്പാലത്തിൽ റോഡ് നിർമാണക്കമ്പനിയുടെ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കോഴിക്കോട് സ്വദേശി രവീന്ദ്രൻ (60) മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് രാത്രി കൈപ്പമംഗലത്ത് നിർത്തിയിട്ട ലോറിക്കുപിറകിൽ കാറിടിച്ച് എട്ടുപേർ മരിച്ചിരുന്നു. എടമുട്ടം പാലപ്പെട്ടിയിൽ ബൈക്ക് ദേശീയപാത സർവീസ് റോഡിലെ കോൺക്രീറ്റ് കൂനയിൽ ഇടിച്ചത് ഒരാളുടെ മരണത്തിനും ഇടയാക്കി. ദിവസങ്ങൾക്കുശേഷം നാട്ടികയിൽ പാർക്ക് ചെയ്തിരുന്ന തടിലോറിയുടെ പിറകിൽ ടാങ്കർ ലോറി ഇടിച്ച് കണ്ണൂർ സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. തളിക്കുളം കൊപ്രക്കളത്ത് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാന നിർമിക്കുന്നതിനായെടുത്ത കുഴിയിൽ സൈക്കിൾ മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിക്കാനും ഇടയായി.

കൊപ്രക്കളത്തുതന്നെ ദേശീയപാത മുറിച്ചുകടക്കുമ്പോൾ രണ്ടുപേർ മരിക്കാനിടയായ രണ്ടപകടങ്ങൾ നടന്നത് കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ് ദേശീയപാതയിലെ അനധികൃത പാർക്കിങ്ങും പോലീസ് പരിശോധന ഇല്ലാത്തതുമാണ് പ്രശ്നത്തിന് കാരണം. ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും അധികാരികൾ കണ്ണു തുറക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

ദേശീയപാതയോരത്തെ വാഹനങ്ങളുടെ നിയമം ലംഘിച്ചുള്ള പാർക്കിങ്ങും റോഡിൽ വേണ്ടവിധം അപകടസൂചകങ്ങൾ സ്ഥാപിക്കാത്തതും നിർമാണക്കമ്പനി നടത്തുന്ന അശാസ്ത്രീയമായ പ്രവൃത്തികളും സുരക്ഷ ഉറപ്പാക്കുന്ന ബാരിക്കേഡുകൾ സ്ഥാപിക്കാത്തതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.