കൊട്ടിയം : കണ്ണനല്ലൂർ ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ വളവുകളിലെ ബസ് സ്റ്റോപ്പുകൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കണ്ണനല്ലൂരിൽനിന്ന് കൊട്ടിയത്തേക്കും കുണ്ടറയിലേക്കും പോകുന്ന ഭാഗത്താണ് വളവുകളോട് ചേർന്ന് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇവിടങ്ങളിൽ സുരക്ഷാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ബസുകളൊന്നും നിർദേശങ്ങൾ പാലിക്കാറില്ല. കൊട്ടിയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വളവിനോട് ചേർത്തുനിർത്തുന്നതു കാരണം പുറകേവരുന്ന മറ്റ് വാഹനങ്ങൾക്കും കൊല്ലത്തുനിന്ന് കൊട്ടിയത്തേക്ക് തിരിയുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നതും പതിവാകുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന നോ പാർക്കിങ് ബോർഡിനോട് ചേർന്നാണ് ബസുകൾ നിർത്തിയിടുന്നതും. ഇവിടെ ഓടയുടെ നിർമാണം അനിശ്ചിതമായി നീളുന്നതിനാൽ മൈലക്കാടുനിന്ന് ഈ റോഡിൽ സന്ധിക്കുന്ന ഭാഗത്തും ഗതാഗത തടസ്സം പതിവാണ്. ഓടയ്ക്കുവേണ്ടി കുഴിയെടുത്ത മണ്ണ് ആഴ്ചകളായിട്ടും നീക്കം ചെയ്യാനും നടപടികളില്ല. കണ്ണനല്ലൂർ-കുണ്ടറ റോഡിലും സമാന അവസ്ഥയാണ്. ഓടകളുടെ പണികൾ പൂർത്തിയാകാത്തതുകാരണം കാൽനടയാത്ര പോലും അപകടാവസ്ഥയിലാണ് ഇവിടെ. വളവ് കഴിഞ്ഞ് ഏറെ മുന്നോട്ടാണ് ഇവിടെ ബസ് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ബസുകളെല്ലാം വളവിൽതന്നെയാണ് നിർത്താറുള്ളത്. രണ്ടും മൂന്നും ബസുകളാണ് പലപ്പോഴും ഇവിടെ നിർത്തിയിടേണ്ടിവരുന്നത്. യാത്രക്കാർക്കാകട്ടെ മഴയും വെയിലുമേൽക്കാതെ കയറിനിൽക്കാൻപോലും കണ്ണനല്ലൂരിൽ സൗകര്യങ്ങളൊന്നുമില്ല.
കണ്ണനല്ലൂർ ജങ്ഷനിൽ ബസുകൾ മാറിക്കയറേണ്ട ഒട്ടേറെ യാത്രക്കാരാണ് എത്തുന്നത്. ഇത്തരക്കാർക്ക് റോഡ് കുറുകേകടക്കുന്നതിനും ഏറെ പ്രയാസമാണ് നേരിടുന്നത്. കണ്ണനല്ലൂർ ജങ്ഷനിൽ ആവശ്യമായ പോലീസിനെയും ട്രാഫിക് വാർഡന്മാരെയും നിയമിക്കുന്നതിന് അടിയന്തര നടപടികളും ഉണ്ടാകണം. യാത്രാദുരിതത്തിനൊപ്പമാണ് വീശിയടിക്കുന്ന പൊടിശല്യവും ചൂടും.
മഴ മാറിയതോടെ ജങ്ഷനാകെ വലിയതോതിൽ പൊടി പാറിപ്പറക്കുന്നു. വ്യാപാരികൾക്കും യാത്രക്കാർക്കും ഇതുണ്ടാക്കുന്ന കഷ്ടപ്പാടുകൾ ചില്ലറയല്ല. ടൗൺ വികസന പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതാണ് നാട്ടുകാരെ വലയ്ക്കുന്നത്. നടക്കുന്ന പ്രവൃത്തികൾ സമയബദ്ധമായി പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബസ് സ്റ്റോപ്പ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം -മലയാളവേദി
കണ്ണനല്ലൂർ : കണ്ണനല്ലൂർ ടൗൺ വികസനത്തിന്റെ ഭാഗമായി വരുത്തിയ ക്രമീകരണങ്ങൾ ജനങ്ങൾക്ക് വൻ ദുരിതമായി മാറുന്നതായി മലയാളവേദി. പോലീസ് നിർദേശിച്ചിരിക്കുന്ന താത്‌കാലിക ബസ് സ്റ്റോപ്പുകൾ ഏറെ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
വളവിലെ അപകടകരമായ ഈ ബസ് സ്റ്റോപ്പ് അടിയന്തരമായി സുരക്ഷിതമായ മറ്റ് സ്ഥലത്തേക്ക് മാറ്റാനും, യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതിരിക്കാനുള്ള താത്‌കാലിക തണൽസൗകര്യങ്ങൾ ഉടനടി ഒരുക്കാനും അധികൃതർ തയ്യാറാകണമെന്ന് മലയാളവേദി ജില്ലാ പ്രസിഡന്റ് എ. ഷാനവാസ്, സെക്രട്ടറി മുഖത്തല ശ്രീരാജ് എന്നിവർ ആവശ്യപ്പെട്ടു.
Published: 31 Oct 2026, 03:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented