നൂറേക്കറിലധികം സ്ഥലത്ത് കൃഷിയിറക്കും
കരുനാഗപ്പള്ളി : തൊടിയൂർ പഞ്ചായത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കുന്ന മാലുമേൽ പുഞ്ചയിൽ നെൽക്കൃഷിക്ക് വിത്തുവിതച്ചു. 150 ഏക്കറിലധികം വിസ്തൃതിയുള്ള പാടശേഖരത്തിലെ 100 ഏക്കറിനുമുകളിലാണ്, കുട്ടനാടൻ മാതൃകയിൽ ഇപ്പോൾ കൃഷിചെയ്യുന്നത്.
മാലുമേൽ പുഞ്ച നെല്ലുത്പാദകസമിതിയുടെ നേതൃത്വത്തിൽ കുട്ടനാട്ടുകാരായ ഷാജി, ദേവസ്യ ആന്റണി എന്നിവരുടെ ചുമതലയിലാണ് പുഞ്ചയിൽ കൃഷിയിറക്കുന്നത്. നൂറിലധികം കർഷകർക്ക് ഉടമസ്ഥാവകാശമുള്ള സ്ഥലമാണ് മാലുമേൽ പുഞ്ച. എട്ടുവർഷമായി കൃഷിചെയ്യുന്ന പുഞ്ചയിൽ ഓരോവർഷവും മികച്ച രീതിയിൽ വിളവും ലഭിക്കുന്നുണ്ട്.
ടൂറിസം സാധ്യതകളുള്ള സ്ഥലംകൂടിയാണിത്. പള്ളിക്കാറിനെയും പുഞ്ചപ്പാടത്തിനെയും വേർതിരിച്ച് ബണ്ടുണ്ട്. ഈ ബണ്ടിനോടു ചേർന്നാണ് പുഞ്ചപ്പാടത്തിലേക്കുള്ള പമ്പ് ഹൗസ്. ഓരോ വർഷവും ഒട്ടേറെപ്പേരാണ് പുഞ്ചപ്പാടവും നെൽക്കൃഷിയും കാണാനെത്തുന്നത്.
പുഞ്ചപ്പാടത്തിൽ നെൽക്കൃഷിക്ക് കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. മഴ ശക്തമാകുമ്പോൾ ബണ്ട് കരകവിഞ്ഞ് പുഞ്ചപ്പാടത്തിലേക്ക് വെള്ളമെത്താറുണ്ട്. ഈ ഭാഗങ്ങളിൽ ബണ്ടിന്റെ ഉയരം കൂട്ടണം. ചിലയിടങ്ങളിൽ ബണ്ടിന്റെ വശങ്ങൾ ഇടിയുന്നു. ഇവിടെ പാറ അടുക്കി, സംരക്ഷണഭിത്തി നിർമിക്കണം. വളവും മറ്റും കൊണ്ടുപോകാൻ പാടശേഖരത്തിലൂടെ ട്രാക്ടർ സഞ്ചരിക്കുംവിധം പാത നിർമിക്കണം. നിലവിലെ പലക ഉപയോഗിച്ചുള്ള ഷട്ടറിനു പകരം മെച്ചപ്പെട്ട ഷട്ടർ നിർമിക്കണം. വെള്ളം പമ്പ്ചെയ്തു കളയാൻ പാടശേഖരസമിതിക്കു സ്വന്തമായി പെട്ടിയും പറയും അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
നെൽവിത ഉദ്ഘാടനം തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയപ്രകാശും ജില്ലാപഞ്ചായത്ത് അംഗം നജീബ് മണ്ണേലും ചേർന്ന് നിർവഹിച്ചു. സമിതി പ്രസിഡന്റ് ആർ. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിനി സജു, നാസർ പാട്ടകണ്ടത്തിൽ, കുറ്റിയിൽ സജീവ്, സമിതി സെക്രട്ടറി കുറ്റിയിൽ ഇബ്രാഹിംകുട്ടി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
Published: 30 Oct 2026, 02:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented