പ്രവൃത്തി ജനുവരിയിൽ തുടങ്ങിയേക്കും
പുനലൂർ : നടപ്പലകകൾ ദ്രവിച്ചും ചിതലരിച്ചും ഗർഡറുകൾ തുരുമ്പിച്ചും അപകടനിലയിലായ പുനലൂർ തൂക്കുപാലം പുനരുദ്ധരിക്കാനുള്ള പദ്ധതിക്ക് സാങ്കേതികാനുമതിയായി. 74 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തിക്ക് കഴിഞ്ഞദിവസമാണ് സാങ്കേതികാനുമതിയായത്. അടുത്തയാഴ്ച ടെൻഡർ ചെയ്യും. മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ ജനുവരി ആദ്യവാരത്തോടെ പ്രവൃത്തി ആരംഭിക്കും.
പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പാലത്തിന്റെ സമഗ്രമായ പുനരുദ്ധാരണത്തിന് തയ്യാറാക്കിയ അടങ്കലിനാണ് സാങ്കേതികാനുമതി ലഭിച്ചിട്ടുള്ളത്. നാലുമാസം മുൻപ് വകുപ്പിന്റെ അസിസ്റ്റന്റ് എൻജീനീയറുടെ നേതൃത്വത്തിൽ പാലം പരിശോധിച്ചാണ് അടങ്കൽ തയ്യാറാക്കിയത്.
നവംബർ ആദ്യവാരംതന്നെ ടെൻഡർ നടപടികളാരംഭിക്കുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പുരാവസ്തുവകുപ്പ് അധികൃതർ പറഞ്ഞു. നവീകരണപ്രവൃത്തിക്കായി മുന്നുമാസത്തോളം പാലം അടച്ചിടേണ്ടിവരും.
നിലവിലെ മുഴുവൻ നടപ്പലകകളും ഇളക്കിനീക്കി പാലം പുനരുദ്ധരിക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. പലകകൾക്ക് അടിയിലുള്ള ഉരുക്ക് ഗർഡറുകളിലെ തുരുമ്പ് നീക്കി പൂർണമായും അറ്റകുറ്റപ്പണി നടത്തും. നിലവിലെ പലകകളിൽ ഉപയോഗയോഗ്യമായതു മാത്രമേ പുനഃസ്ഥാപിക്കൂ. ദ്രവിച്ചവയ്ക്ക് പകരം പുതിയ പലക ഉപയോഗിക്കും.
2015-ൽ പാലത്തിന്റെ പുനരുദ്ധാരണത്തിനായി വനത്തിൽനിന്ന് ശേഖരിച്ച് സംസ്കരിച്ച കമ്പകമരപ്പലകകൾ ആവശ്യാനുസരണം പുരാവസ്തുവകുപ്പ് സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകരീതിയിൽ സംസ്കരിച്ച് ജലാംശം നീക്കി ആവശ്യമായ അളവിൽ അറത്തുസൂക്ഷിച്ചിരിക്കുന്ന പലകകളാണിത്. പലകകളും ഗർഡറുകളും തമ്മിൽ ബന്ധിപ്പിക്കുന്ന കൊളുത്തുകൾ പൂർണമായും മാറ്റി പുതിയ കൊളുത്തുകൾ സ്ഥാപിക്കും. നടപ്പലകകൾ ബന്ധിപ്പിച്ചിട്ടുള്ള ഉരുക്ക് ഗർഡറുകളിലും അറ്റകുറ്റപ്പണി നടത്തും. തെളിയാത്ത അലങ്കാരവിളക്കുകളും മാറ്റിസ്ഥാപിക്കും.
വർഷങ്ങളായി തകർന്നുകിടന്നിരുന്ന പാലം 1.35 കോടി രൂപ മുടക്കി 2015-ലാണ് പുരാവസ്തുവകുപ്പ് സമഗ്രമായി പുനരുദ്ധരിച്ചത്. എന്നാൽ 10 വർഷം പിന്നിട്ടപ്പോഴേക്കും പലകകളിൽ പലതും നശിച്ചു.
പിന്നീട് 2018-ലും 2023-ലും പാലം പുനരുദ്ധരിച്ചെങ്കിലും കേടുവന്ന പലകകൾ പൂർണമായി മാറ്റിസ്ഥാപിച്ചിരുന്നില്ല. ഇക്കുറി പലകകളും തുരുമ്പിച്ച ഗർഡറുകളുമുൾെപ്പടെ പൂർണമായി മാറ്റി പുനരുദ്ധരിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിലവിലെ പാലത്തിൽ പലകകൾ തകർന്ന ഭാഗങ്ങളിൽ ചുവപ്പുനാട കെട്ടി അപകടമുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Published: 30 Oct 2026, 02:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented