എൻ.എച്ച്. 66: എക്‌സിറ്റ്, എൻട്രി പോയിന്റുകൾ ഇനിയും നിശ്ചയിച്ചിട്ടില്ല

To advertise here,

പറവൂർ : വടക്കുനിന്ന് ദേശീയപാത 66 കടന്നുവരുന്ന ജില്ലാ അതിർത്തിയായ മൂത്തകുന്നത്ത് പ്രധാന ഉയരപ്പാത കടന്നുവരുന്ന ഭാഗത്തെ തൂണുകളുടെ പണി പുരോഗമിക്കുന്നു. പഴയ കോട്ടപ്പുറം പാലത്തിൽ നിന്ന് തെക്കുഭാഗത്തേക്ക് ഗതാഗതമുണ്ടായിരുന്ന ടാറിട്ട അപ്രോച്ച് റോഡ് പൂർണമായി പൊളിച്ചാണ് ഉയരപ്പാതയുടെ പില്ലറുകളുടെ അടിഭാഗത്തെ പണി നടന്നുവരുന്നത്. റോഡ് പൊളിച്ചതോടെ പ്രധാന റോഡിലെ ഗതാഗതം പൂർണമായി നിലച്ചു. കോട്ടപ്പുറം പാലത്തിന്റെ ഇരുഭാഗത്തും പണി പൂർത്തിയാക്കിയ സർവീസ് റോഡിലൂടെയാണ് വടക്കോട്ടേക്കും തെക്കോട്ടേക്കുമുള്ള ഗതാഗതം ഇപ്പോൾ നടക്കുന്നത്. ഇതുമൂലം മാല്യങ്കര റോഡ് സന്ധിക്കുന്ന ഭാഗത്ത് എപ്പോഴും സ്ഥിരമായി ഗതാഗതതടസ്സമുണ്ട്.

ജനകീയ സമിതി വീണ്ടും കളക്ടറെ കണ്ടു

ജനകീയ സമരസമിതിയുടെ ആവശ്യപ്രകാരവും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരവും ദേശീയപാതാ അധികൃതർ സ്ഥലംസന്ദർശിച്ച് ഇവിടെ എക്‌സിറ്റും എൻട്രിയും അനുവദിക്കാമെന്ന് വാക്കാൽ ഉറപ്പു നൽകിയിരുന്നു. പിന്നീട് എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. എക്‌സിറ്റും എൻട്രിയും വരുന്നത് സംബന്ധിച്ച വിശദമായ ഡ്രോയിങ് ലഭിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഇതിനിടെ ഡ്രോയിങ് എത്രയും വേഗം ലഭ്യമാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കൺവീനർ ഷജിത്ത് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജില്ലാ കളക്ടർ ജി. പ്രിയങ്കയെ കണ്ട് ആവശ്യപ്പെട്ടു. അവർ വിഷയം എൻ.എച്ച്.എ.ഐ. അധികൃതരെ അപ്പോൾതന്നെ അറിയിച്ചു. ഡ്രോയിങ് തയ്യാറായി വരുന്നതായാണ് അറിവ്.

ഇതിനിടെ തൂണുകൾ താഴ്ന്നതിനെ തുടർന്ന് ഒൻപതുമാസമായി സ്തംഭിച്ചുകിടക്കുന്ന മൂത്തകുന്നം-വി.പി. തുരുത്ത് മേജർ പാലത്തിന്റെ പണി ഇനിയും ആരംഭിക്കാനായിട്ടില്ല. ഇതുകൂടി പൂർത്തിയായാലേ പുതിയ പാലം വഴി വടക്കുനിന്നുള്ള വാഹനഗതാഗതം പുതിയ റോഡിലൂടെ സാധ്യമാകൂ.