തെന്മല : തെന്മല പഞ്ചായത്തിലെ മാമ്പഴത്തറയിൽ കാട്ടാനശല്യത്തിനു പരിഹാരമായി കിടങ്ങ് നിർമിക്കുന്നത് പുരോഗമിക്കുന്നു. ഇവിടെ രണ്ടു കിലോമീറ്ററോളം നീളത്തിൽ വനാതിർത്തിയിലാണ് കിടങ്ങ് നിർമിക്കുന്നത്. നിലവിൽ വനസംരക്ഷണസമിതി കെട്ടിടത്തിനു സമീപംമുതൽ മാമ്പഴത്തറ ഭഗവതിക്ഷേത്രത്തിനു പിന്നിലുള്ള ജനവാസമേഖലയിൽവരെ കിടങ്ങ് പൂർത്തിയായിട്ടുണ്ട്.
തെന്മല പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായ മേഖലയാണ് മാമ്പഴത്തറ. ഇവിടെ പകൽസമയങ്ങളിൽപ്പോലും കാട്ടാനകൾ ജനവാസമേഖലയിലെത്തുകയാണ്. ചക്ക സീസൺ ആരംഭിച്ചാൽ കാട്ടാനശല്യം കൂടുതൽ രൂക്ഷമാകും. കിടങ്ങ് നിർമിക്കുന്നുണ്ടെങ്കിലും കാട്ടാനശല്യം പൂർണമായും വിട്ടൊഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലൂടെയും എസ്റ്റേറ്റ് മേഖലയിലൂടെയും ആറിൻെറ ഭാഗത്തുകൂടിയും കാട്ടാനകൾ യഥേഷ്ടമെത്താനുള്ള സാധ്യതയുണ്ട്. നിർമാണത്തിനുള്ള കിടങ്ങ് മാമ്പഴത്തറ-ഉപ്പുകുഴി പാതയുടെ ഇരുവശത്തായി കൂട്ടിമുട്ടിച്ചനിലയിലാണ്. വനത്തിൽനിന്നെത്തുന്ന കാട്ടാനകൾക്ക് കിടങ്ങൊഴിവാക്കി റോഡിലൂടെ മാമ്പഴത്തറ കവലയിലെത്താനാകും. കൂടാതെ ഗിരിജൻ നഗറിലേക്കു തിരിയുന്ന ഭാഗത്ത് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലുള്ള എസ്റ്റേറ്റ് മേഖലയുടെയും ആനകൾക്കെത്താനാകും. നിലവിൽ ആറിന്റെ തീരത്ത് തൂക്കുസൗരോർജവേലി സ്ഥാപിച്ചിട്ടുള്ള കുറച്ചുഭാഗം ഒഴിവാക്കിയും വന്യമൃഗങ്ങൾക്ക് ജനവാസമേഖലയിലെത്താം.
റോഡിൽ സൗരോർജവേലിയുടെ ഗേറ്റ് സ്ഥാപിക്കും
മാമ്പഴത്തറ കവലയ്ക്കുസമീപം റോഡിലൂടെ കാട്ടാനകൾ നാട്ടിൻപുറത്തേെക്കത്തുന്നത് ഒഴിവാക്കാൻ റോഡിൽ സൗരോർജവേലിയുടെ ഗേറ്റ് സ്ഥാപിക്കും. പകൽസമയം വാഹനങ്ങൾ പോകുന്നതിനായി തുറന്നിടും. രാത്രിയിൽ വാഹനങ്ങൾ എത്തുമ്പോൾമാത്രം ഗേറ്റ് തുറന്നുകൊടുക്കുംവിധം വി.എസ്.എസിൻെറ അംഗങ്ങളെ നിയോഗിച്ച്, റോഡിലൂടെ കാട്ടാനകളെത്തുന്ന സാഹചര്യം ഒഴിവാക്കും.
-വനംവകുപ്പ് അധികൃതർ,
പത്തനാപുരം റെയ്ഞ്ച്കാ
കാട്ടാനശല്യം പൂർണമായും ഒഴിവാക്കണം
കിടങ്ങുനിർമാണം പൂർത്തിയായാലും മാമ്പഴത്തറയിൽ കാട്ടാനശല്യമുണ്ടാകാനുള്ള സാധ്യത പൂർണമായും ഒഴിവാക്കണം. കിടങ്ങില്ലാത്ത ഭാഗത്തുകൂടി ജനവാസമേഖലയിലെത്തുന്ന കാട്ടാനകളെ പഴയതുപോലെ തുരത്തി വനത്തിലേക്കുവിടുന്നതും ബുദ്ധിമുട്ടുണ്ടാക്കും.
-ഷെഹുബനാത്ത്,
വാർഡ് അംഗം,മാമ്പഴത്തറഎസ്റ്റേറ്റ്
അതിർത്തിയിൽ കിടങ്ങ് നിർമിക്കണം
നിലവിലെ പദ്ധതിക്കൊപ്പം കാട്ടാനകളെത്താൻ സാധ്യതയുള്ള മറ്റുഭാഗങ്ങളിൽക്കൂടി കിടങ്ങുകൾ സ്ഥാപിക്കാനുള്ള നടപടിയുണ്ടാകണം. ഇെല്ലങ്കിൽ പദ്ധതികൊണ്ട് പ്രയോജനമില്ലാതെവരും.
-മാമ്പഴത്തറ ചന്ദ്രശേഖരൻ,
ജനറൽ സെക്രട്ടറി
ബി.ജെ.പി. തെന്മല പഞ്ചായത്തുസമിതി
Published: 30 Oct 2026, 02:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented