കൊല്ലം : കൊല്ലത്തുനിന്നുള്ള മീൻപിടിത്ത ബോട്ടുകളെ തമിഴ്‌നാട് കുളച്ചൽ ഹാർബർ കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളികൾ ഉൾക്കടലിൽ​െവച്ച് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ശക്തികുളങ്ങരയിൽ പ്രതിഷേധം.

To advertise here,

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായാണ് 14 ബോട്ടുകളെ ആക്രമിച്ച് മീൻപിടിത്ത ഉപകരണങ്ങൾ നശിപ്പിച്ചത്. ആക്രമിക്കപ്പെട്ട ഒൻപത് ബോട്ടുകൾ വെള്ളിയാഴ്ച രാവിലെയോടെ ശക്തികുളങ്ങര ഹാർബറിൽ തിരികെയെത്തി, തുടർന്നാണ് മത്സ്യബന്ധനമേഖലയിലെ സംയുക്ത തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. തുടർച്ചയായി നാലാംവർഷമാണ് തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികൾ കടലിൽ അക്രമംകാട്ടുന്നത്. കേരളത്തിൽനിന്നുള്ള യാനങ്ങൾക്ക് അവിടെ മീൻപിടിക്കാൻ അനുമതിയില്ലെന്നാണ് അവരുടെവാദം. പരാതിപ്പെട്ടിട്ടും സർക്കാർതലത്തിൽ ഇടപെടലുകളുണ്ടാകുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

എ.ഡി.എം. എസ്. സജീദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, കോസ്റ്റൽ പോലീസ്, മന്ത്രി ഷിബു ബേബിജോണിന്റെ പ്രതിനിധി, കൗൺസിലർമാർമാരായ ദീപു ഗംഗാധരൻ, സേവ്യർ മത്യാസ്, ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ്, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ രാജു പെട്രോപ്പിൽ, സുനിൽ ലോറൻസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. സർക്കാർതലത്തിൽ ഇടപെടൽ നടത്താമെന്നും നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാമെന്നും ഉറപ്പുനൽകി.

സർക്കാർ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ ഹർത്താൽ നടത്തുമെന്ന് തൊഴിലാളികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ 10-ന് ശക്തികുളങ്ങര ഹാർബറിൽനിന്ന് നീണ്ടകര ഫിഷറീസ് അഡീഷണൽ ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.

കുളച്ചലിന് തെക്കുപടിഞ്ഞാറ് 60 നോട്ടിക്കൽമൈൽ അകലെ ഇന്ത്യൻമഹാസമുദ്രത്തിൽ​െവച്ചാണ് ബോട്ടുകൾ ആക്രമിച്ചത്. ഒൻപത് ബോട്ടുകളിലെ വലകൾ നശിപ്പിച്ചു. ബോട്ടുകളിലുണ്ടായിരുന്ന റോപ്പുകൾ മുറിച്ചുനീക്കി. വയർലസ്, ഇക്കോ സൗണ്ടർ, ജി.പി.എസ്. എന്നിവ നശിപ്പിച്ചു. ഓരോ ബോട്ടിനും 20 ലക്ഷംരൂപയോളമാണ് നഷ്ടമുണ്ടായത്.