കൊട്ടാരക്കര : കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യൂ.എം.പി.)യിൽ ഉൾപ്പെടുത്തി കൊട്ടാരക്കരയിലെ ഉഗ്രൻകുന്നും വീണ്ടെടുക്കുന്നു. മാലിന്യങ്ങൾ നീക്കംചെയ്യുന്ന ബയോമൈനിങ് പദ്ധതി അവസാനഘട്ടത്തിലെത്തി. നഗരസഭയിലെ മാലിന്യംതള്ളൽ കേന്ദ്രമായിരുന്ന ഇവിടം മാലിന്യമുക്തമാക്കുകയും ഭൂമി മറ്റു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമാക്കുന്നതുമാണ് പദ്ധതി. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ലോകബാങ്ക് സംഘം കഴിഞ്ഞദിവസം ഉഗ്രൻകുന്നിലെത്തി. പദ്ധതി പ്രദേശവും പ്രവർത്തനങ്ങളും വിലയിരുത്തിയ സംഘം മാലിന്യങ്ങൾ വേർതിരിക്കുന്ന ഹരിതകർമസേനാംഗങ്ങളുമായും സംസാരിച്ചു.
8090 മീറ്റർ ക്യൂബ് മാലിന്യങ്ങൾ ഉഗ്രൻകുന്നിൽ കുന്നുകൂട്ടിയിട്ടിരുന്നതായാണ് കണക്ക്. വർഷങ്ങളായി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിലെയും ചന്തയിലെയും മാലിന്യങ്ങൾ ശേഖരിച്ച് തള്ളിയിരുന്നത് ഇവിടെയാണ്. എം.സി. റോഡരികിൽ കുന്നക്കരയിലെ മാലിന്യക്കൂന നീക്കംചെയ്തപ്പോഴാണ് ഉഗ്രൻകുന്ന് പുതിയ മാലിന്യംതള്ളൽ കേന്ദ്രമായത്. പ്ലാസ്റ്റിക്കും കുപ്പിച്ചില്ലുകളും മറ്റു മാലിന്യങ്ങളും കുന്നുകൂടുമ്പോൾ മണ്ണിട്ടു നികത്തുന്നതായിരുന്നു രീതി. ഇവിടെ മാലിന്യസംസ്‌കരണകേന്ദ്രം സ്ഥാപിച്ചെങ്കിലും നശിച്ചു. വലിയ പരിസ്ഥിതിഭീഷണിയായി ഉഗ്രൻകുന്ന് മാറിയപ്പോഴാണ് വീണ്ടെടുക്കലിനായി ബയോമൈനിങ് പദ്ധതിയെത്തിയത്. പദ്ധതി പൂർത്തിയാകുമ്പോൾ ഉഗ്രൻകുന്നിലെ 40 സെന്റ് ഭൂമി മാലിന്യമുക്തമാകും.
ജനുവരിയോടെ പൂർത്തിയാകും. പ്രവർത്തനങ്ങൾ വിലയിരുത്തിയ ലോകബാങ്ക് സംഘം തെക്കൻ പരവൂരിലെ രാമറാവു ആശുപത്രിയിൽ നിർമിച്ച ബയോഗ്യാസ് പ്ലാന്റും സന്ദർശിച്ചു.
പദ്ധതി മാനേജ്‌മെന്റ് യൂണിറ്റ് പരിസ്ഥിതി വിദഗ്ധ എസ്. പ്രേമലത, സോഷ്യൽ ഡിവലപ്‌മെന്റ് ആൻഡ് ജെൻഡർ എക്‌സ്പെർട്ട് ഷെറിൻ, കൊല്ലം ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് സോഷ്യൽ എക്‌സ്പെർട്ട് രാജേഷ് പൈ, സാമ്പത്തികകാര്യ വിദഗ്ധൻ തോമസ് പണിക്കർ, ബയോമൈനിങ് നടത്തുന്ന എസ്.എം.എസ്. കമ്പനി സോഷ്യൽ എക്‌സ്പെർട്ട് പ്രസാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ബയോമൈനിങ്ങിൽ ശുദ്ധമാകുന്നത് 20 പട്ടണങ്ങൾ
:കേരളത്തിലെ 20 പട്ടണങ്ങളിലെ മാലിന്യക്കൂനകളുടെ നിർമാർജനമാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. രണ്ടു ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് 100 കോടി രൂപയാണ് ഉൾപ്പെടുത്തിയിരുന്നത്. കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, നോർത്ത് പറവൂർ, കളമശ്ശേരി, വടകര, ഇരിട്ടി, കൂത്തുപറമ്പ്, കാസർകോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കേഞ്ചേരി, മലപ്പുറം, തലശ്ശേരി, പയ്യന്നൂർ പട്ടണങ്ങളും ഉൾപ്പെടും. മാലിന്യംതള്ളലിന് പ്രശസ്തമായിരുന്ന കൊല്ലത്തെ കുരീപ്പുഴ, എറണാകുളത്തെ ബ്രഹ്മപുരം എന്നിവിടങ്ങളിലെ മാലിന്യം ബയോമൈനിങ്ങിലൂടെ പൂർണമായി നീക്കംചെയ്ത് വലിയ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യം നീക്കംചെയ്യുന്ന പദ്ധതി പുരോഗമിക്കുന്നു. ബയോമൈനിങ്ങിലൂടെ വേർതിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആർ.ഡി.എഫ്. (റഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ) ആക്കി സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധനമായി നൽകും.
Published: 30 Oct 2026, 02:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented