സർട്ടിഫിക്കറ്റ് വിതരണം നടത്താതെ മന്ത്രി റോജി എം. ജോൺ വേദിവിട്ടു
കൊച്ചി : മന്ത്രി റോജി എം. ജോണിനുനേരേ പ്രതിഷേധിച്ച എസ്.എഫ്.െഎ. പ്രവർത്തകർ വേദി കൈയേറിയതിനെ തുടർന്ന് മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങ് അലങ്കോലപ്പെട്ടു. കാലടി സർവകലാശാലയിൽ 16 വിദ്യാർഥികളെ 60 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത് ചോദ്യംചെയ്ത് എസ്.എഫ്.ഐ. വിദ്യാർഥികൾ മുദ്രാവാക്യം വിളികളോടെ വേദിയിലേക്ക് കയറുകയായിരുന്നു. ഇതോടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാതെ മന്ത്രി ഇറങ്ങിപ്പോയി.
വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. മന്ത്രി ഉദ്ഘാടനപ്രസംഗം നടത്തുമ്പോൾ ഒാഡിറ്റോറിയത്തിന്റെ പിന്നിൽ ‘കാലടി സർവകലാശാലയിലെ പോരാടുന്ന വിദ്യാർഥികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന്’ എഴുതിയ ബാനർ പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.
ഇതോടൊപ്പം കാലടി സർവകലാശാലയിലെ വിദ്യാർഥികളെ പിന്തുണച്ചുകൊണ്ടുള്ള പ്ലക്കാർഡുകളുമായി എസ്.എഫ്.െഎ.ക്കാർ അണിനിരന്നു. ജനകീയമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നതായും അഭിപ്രായം രേഖപ്പെടുത്തുന്നത് ഉൾക്കൊള്ളുന്നതായും പറഞ്ഞുകൊണ്ട് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനപ്രസംഗം തുടർന്നു. മന്ത്രി പ്രസംഗം അവസാനിപ്പിച്ചതോടെ വിദ്യാർഥികളിൽ ചിലർ പ്ലക്കാർഡുമായി വേദിയുടെ മുന്നിലേക്കുചെന്നു. മന്ത്രിയോട് രണ്ടുചോദ്യങ്ങൾ ചോദിക്കണമെന്ന് പറഞ്ഞുകൊണ്ട് മഹാരാജാസ് കോളേജ് വൈസ് ചെയർപേഴ്‌സൺ നഫീത്തുൽ മിസ്രിയ വേദിക്ക് മുന്നിലെത്തി. ബിരുദദാനച്ചടങ്ങ് പൂർത്തീകരിക്കാൻ അനുവദിക്കണമെന്നും ചോദ്യങ്ങൾക്കുള്ള ഉത്തരം പരിപാടിക്കുശേഷം നൽകുമെന്നും മന്ത്രി മൈക്കിന് മുന്നിൽവന്ന് പറഞ്ഞു.
ഇതിനിടെ സ്റ്റേജിലേക്ക് കയറിയ വൈസ് ചെയർപേഴ്‌സൺ ‘ഞങ്ങളുടെ രണ്ട് ചോദ്യങ്ങൾക്ക് മന്ത്രിക്ക് ഉത്തരം തരാൻ പറ്റില്ലേ..? എന്ന് മൈക്കിലൂടെ ചോദിച്ചു.
60 ദിവസത്തെ സസ്‌പെൻഷനിലൂടെ കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളുടെ പഠനംപോലും മുടങ്ങുന്ന അവസ്ഥയിലാണെന്ന് അവർ പറഞ്ഞതോടെ പോലീസ് ഇടപെട്ട് മൈക്ക് ഓഫ് ആക്കി. ഇതോടെ കൂടുതൽ പേർ പ്ലക്കാർഡുകളുമായി മുദ്രാവാക്യംവിളിച്ച് സ്റ്റേജിലേക്ക് കയറിയതോടെ സംഘർഷാവസ്ഥയായി.
'ജനകീയ പ്രതിഷേധങ്ങൾക്ക് ഒപ്പമുണ്ടെന്നും എന്നാൽ പരിപാടി മനഃപൂർവം തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കാലടി സർവകലാശാലയിൽ സമരത്തിന്റെ പേരിൽ നടന്നത് ആക്രമണമാണെന്നും സിൻഡിക്കേറ്റ് യോഗം പോലും നടത്താൻ സാധിക്കാത്ത രീതിയിലുള്ള തികഞ്ഞ ഗുണ്ടായിസമാണ് നടന്നതെന്നും വിദ്യാർഥി പ്രസ്ഥാനത്തിന്റെ പേരിൽ ഗുണ്ടായിസം നടത്തുന്നത് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ സ്റ്റേജിൽ ബഹളമായി. തുടർന്നാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാതെ മന്ത്രി വേദിവിട്ടത്. പിന്നീട് കോളേജ് അധികൃതർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പോലീസ് കേസെടുത്തു
കൊച്ചി : മന്ത്രി റോജി എം. ജോണിനെതിരേ നടന്ന എസ്.എഫ്.ഐ. പ്രതിഷേധത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന വിദ്യാർഥികളുടെ പേരിലാണ് കേസെടുത്തത്.
Published: 31 Oct 2026, 03:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented