പിറവം : പാമ്പാക്കുട പഞ്ചായത്ത് 13-ാം വാർഡിലെ ഉൾനാടൻ പാതയായ പാമ്പാക്കുട – കൈനി ലക്ഷം വീട് നഗർ (ചൂരലിൽ വർഗീസ് റോഡ്) വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

To advertise here,

പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന് രണ്ട് കിലോമീറ്ററിൽ താഴെ മാത്രമേ നീളമുള്ളു. പാമ്പാക്കുട ഗവ. ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച് പൂവത്തുംതൊട്ടി കവലയിലെത്തിച്ചേരുന്ന നാട്ടുപാത വിനോദസഞ്ചാര കേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ട പ്രദേശത്തേക്കും കാക്കൂരിലേക്കും കാക്കൂർ കൊച്ചു പള്ളിയിലേക്കുമുള്ള എളുപ്പവഴിയാണ്.

പിറവം, മൂവാറ്റുപുഴ, കൂത്താട്ടുകുളം ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡിനിരുവശത്തുമായി നൂറുകണക്കിന് താമസക്കാരുമുണ്ട്. ഇവരെല്ലാം നിരന്തരം ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡിന് ആറ് മീറ്റർ മാത്രമേ വീതിയുള്ളതായാണ് രേഖ. പക്ഷേ പലയിടത്തും അതില്ല. ടാർ റോഡിന് ഇരുപുറവും കാട് മൂടിക്കിടക്കുന്നതിനാൽ പലഭാഗത്തും ദൂരക്കാഴ്ചയുമില്ല. എതിരേ ഒരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ വീതിയില്ലാത്ത റോഡിൽ കൊടും വളവുകളും കയറ്റിറക്കങ്ങളും മൂലം യാത്ര ദുഷ്‌കരമാണ്. വാഹനങ്ങൾക്ക് കടന്നുപോകുന്നതിനും സൈഡ് കൊടുക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ മൂലം തർക്കങ്ങളും കൈയാങ്കളികളും പതിവായെന്ന് സ്ഥലവാസികൾ പരാതിപ്പെട്ടു.

റോഡിലെ ചില കൊടും വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ആഴമുള്ള ഭാഗങ്ങളിൽ പോലും സുരക്ഷാ വേലിയില്ലാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

റോഡിന്റെ ചില ഭാഗങ്ങളിൽ ഒരുവശം ഇരുപതടിയിലേറെ ആഴമുണ്ട്. സുരക്ഷാ വേലിയോമുന്നറിയിപ്പ് ബോർഡുകളൊ ഇല്ലാത്തതിനാൽ വാഹനങ്ങൾ നന്നേ ക്ലേശിച്ചാണ് കൊണ്ടുപോകുന്നത്. കണ്ണ് തെറ്റിയാൽ വണ്ടി താഴേക്ക് പതിക്കും. റോഡിലെ വലിയ വളവുകൾ തീർത്ത്, വീതി കൂട്ടി വികസിപ്പിച്ച് സുരക്ഷാ വേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.