കരുനാഗപ്പള്ളി : ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിച്ച പനയഞ്ചേരിൽ സദാശിവൻപിള്ള സ്മാരക കോൺഗ്രസ് ഭവൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിന് എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകീട്ട് മൂന്നിനു കൊച്ചാലുംമൂട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മണ്ഡലം കോൺഗ്രസ് ഭവനു സമീപമുള്ള സമ്മേളനസ്ഥലത്ത് സമാപിക്കും.
തുടർന്ന് ചേരുന്ന ഉദ്ഘാടനസമ്മേളനത്തിൽ സി.ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. സഹകരണമന്ത്രി എം. ലിജു മുഖ്യാതിഥിയാകും. കൃഷിമന്ത്രി ടി. സിദ്ദിഖ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്യും. ഇന്ദിരാജി പാലിയേറ്റീവ് സെന്ററിന്റെ ഉദ്ഘാടനം തൊഴിൽമന്ത്രി ബിന്ദുകൃഷ്ണ നിർവഹിക്കും. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ദേശീയ, സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയായി ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരികയാണ്. മൂന്നുനിലകളിലായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സേവനപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുംവിധമാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. 4800 ചതുരശ്ര അടിയിൽ ഉള്ളതാണ് കെട്ടിടം. ഇന്ദിരാജി പാലിയേറ്റീവ് സെൻറർ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗ്രന്ഥശാല, ജവഹർലാൽ നെഹ്റു പഠനകേന്ദ്രം, ഡിജിറ്റൽ സേവനകേന്ദ്രം എന്നിവയെല്ലാം കെട്ടിടത്തിൽ ഉണ്ടാകും.
ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ജനറൽ കൺവീനർ കെ.എം. നൗഷാദ്, ആർ. സുരേഷ് ബാബു, ഇർഷാദ് ബഷീർ, ജി. കൃഷ്ണപിള്ള, ആദിനാട് മജീദ്, സജീവൻ വൈദ്യൻ, യൂസഫ് കുഞ്ഞ് കൊച്ചയ്യത്ത്, രവിദാസ്, ദിലീപ് കൊമളത്ത് എന്നിവർ അറിയിച്ചു.
Published: 06 Nov 2026, 02:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented