കൊട്ടാരക്കര :കഴിഞ്ഞദിവസം വൈകീട്ടു പെയ്ത കനത്തമഴയിൽ പുലമണിൽ എം.സി. റോഡിൽ വെള്ളം നിറഞ്ഞത് ഗതാഗതക്കുരുക്കിനു കാരണമായി. ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന ജങ്‌ഷനിൽ പതിവായ വെള്ളക്കെട്ടിന് ഇനിയും പരിഹാരമില്ല.
ട്രാഫിക് പോയിന്റിനു തെക്കോട്ട്, തിരുവനന്തപുരം റോഡിൽ രവിനഗർ ഭാഗവും അടൂർ റോഡുഭാഗത്ത് സ്വകാര്യബസ് സ്റ്റാൻഡുമുതൽ ലോട്ടസ് റോഡുവരെയും വെള്ളത്തിലായി. നഗരത്തിലെ ഓടകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് എം.സി. റോഡിൽ നിറയുന്നത്. ലോട്ടസ് റോഡിൽനിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്നും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുഭാഗത്തെ ഓടയിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം പുലമൺ തോട്ടിലേക്കൊഴുകാതെ റോഡിൽ നിറയുകയാണ്.
വലിയ രീതിയിൽ ഓടനിർമാണം നടത്തിയ പുലമണിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ടാകുന്നത് നിർമാണത്തിലെ അപാകമാണെന്ന് ആരോപണം ഉയരുന്നു. കാൽനടയാത്രയോ ഇരുചക്രവാഹനയാത്രയോ സാധ്യമാകാത്തവിധം റോഡിൽ വെള്ളം നിറയുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. രവിനഗർ ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല.
യാത്രക്കാരെ മാത്രമല്ല വ്യാപാരികളെയും വെള്ളക്കെട്ട് ബാധിക്കുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പുലമണും ചന്തമുക്കും വെള്ളക്കെട്ടിലാകുന്നത് നഗരത്തിലെ ഗതാഗതം മൊത്തത്തിൽ താറുമാറാകാൻ കാരണമാകുന്നു. എം.സി. റോഡിലും ദേശീയപാതയിലും വാഹനങ്ങളുടെ വരി നീളും.
എം.സി. റോഡിൽ വാളകത്തും വയയ്ക്കലും വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കെ.ഐ.പി. ആലോചന നടത്തിയിരുന്നു. ഒപ്പം പുലമണിലെ വെള്ളക്കെട്ട് പരിഹരിക്കാനും പദ്ധതി വേണമെന്ന് ആവശ്യം ഉയരുന്നു.
നിലവിലുള്ള ഓടകൾ തെളിച്ചാൽതന്നെ പുലമൺ ജങ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാകും. വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന പെയ്ത്തുവെള്ളം എം.സി. റോഡിലേക്കിറങ്ങാതെ ഓടകളിലേക്കൊഴുക്കാനും പുലമൺ തോട്ടിലേക്കുള്ള പ്രധാന ഓടയിലെ മാലിന്യങ്ങൾ നീക്കാനും നടപടിയുണ്ടാകണമെന്ന് ആവശ്യം ഉയരുന്നു.
Published: 05 Nov 2026, 02:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented