കുമളി : ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കോട്ടയം ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ വരുന്ന റെയ്‌ഞ്ച് ഓഫീസ് മേടിനെ റിസർവ് വനമായി പ്രഖ്യാപിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ പ്രദേശവാസികൾക്ക് കടുത്ത ആശങ്ക. ഇതിന്റെ മുന്നോടിയായി സമീപവാസികൾക്ക് നോട്ടീസ് നൽകുകയും ഭൂമിയുടെ രേഖകൾ വനംവകുപ്പ് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

പ്രദേശം പെരിയാർ കടുവാ സങ്കേതത്തോട് കൂട്ടിച്ചേർക്കുന്നതിന്റെ ആദ്യപടിയായാണ് ഈ നടപടിയെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

1950-കളിൽ തടി ലേലകേന്ദ്രമായി പ്രവർത്തിച്ചിരുന്ന റെയ്‌ഞ്ച് ഓഫീസ് മേട്, പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽനിന്ന് മാറി ഒരു കിലോമീറ്ററോളം ജനവാസ മേഖലയ്ക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ പ്രദേശം റിസർവ് വനമായി മാറിയാൽ ചുറ്റുമുള്ള നാലുവശങ്ങളിലെയും ജനവാസ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വരുമെന്നാണ് നാട്ടുകാർ ഭയക്കുന്നത്. ഈ ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളിൽനിന്ന് വനംവകുപ്പ് വിവരങ്ങൾ ശേഖരിച്ചു.

ഇരുന്നൂറോളം കുടുംബങ്ങൾ ആരാധനയ്ക്ക് എത്തുന്ന പള്ളിയും ഇരുപതോളം കുടുംബങ്ങളുമാണ് റെയ്‌ഞ്ച് ഓഫീസ് കോമ്പൗണ്ട് അതിർത്തി പങ്കിടുന്നത്. ഈ കോമ്പൗണ്ടിലൂടെയുള്ള റോഡാണ് ഇവർ ഏഴ് പതിറ്റാണ്ടായി ഉപയോഗിക്കുന്നത്.

അവകാശവാദങ്ങൾ പരിശോധിച്ച് സഞ്ചാരസ്വാതന്ത്ര്യം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം തുടർന്നും ലഭ്യമാകുന്ന വിധമായിരിക്കും റിപ്പോർട്ട് നൽകുകയെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.

പാരിസ്ഥിതിക സംരക്ഷണമെന്ന് വനംവകുപ്പ്

:അതേസമയം, വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വനംaവകുപ്പിന്റെ വിശദീകരണം. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽപ്പെട്ട 2.6798 ഹെക്ടർ ഭൂമി 1887 മുതൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

കരിങ്കുരങ്ങ്, നാടൻ കുരങ്ങ്, മലയണ്ണാൻ, മുള്ളൻപന്നി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളും വിവിധതരം ഉരഗങ്ങളും പക്ഷികളും അധിവസിക്കുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണിത്.

അതിനാൽ 1961-ലെ കേരള വനം ആക്ടിലെ നാലാം വകുപ്പ് പ്രകാരം പ്രസ്തുത ഭൂമിയെ ‘കുമളി റിസർവ്’ എന്ന പേരിൽ പ്രഖ്യാപിച്ച് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, വനംവകുപ്പ് വിശദീകരണങ്ങളുമായി മുന്നോട്ടുപോകുമ്പോഴും പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടില്ല.