കൊല്ലം : കൊല്ലം മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ്, പാലം, കെട്ടിട നിർമാണം ഉൾപ്പെടെയുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതികൾ വിലയിരുത്താൻ മന്ത്രിതലത്തിൽ യോഗം ചേർന്നു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പൊതുമരാമത്തുവകുപ്പിനു കീഴിൽ നടന്നുവരുന്ന വിവിധ വികസനപദ്ധതികളുടെ നിർമാണം വേഗത്തിലാക്കാനും പ്രവൃത്തികൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പദ്ധതികളുടെ പൂർത്തീകരണത്തിനാവശ്യമായ പിന്തുണ പൊതുമരാമത്തുവകുപ്പ് മന്ത്രി പി.കെ. ബഷീർ യോഗത്തിൽ ഉറപ്പുനൽകി.
തീരദേശ ഹൈവേ
:ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നിർമാണപുരോഗതിയും യോഗം വിലയിരുത്തി. 14 മീറ്റർ വീതിയിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ കൊല്ലം ജില്ലയിൽ മൂന്ന് റീച്ചുകളാണുള്ളത്. ഒന്നാംറീച്ചിൽ 14 കിലോമീറ്റർ ദൂരത്തിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്തെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളും വേഗത്തിലാക്കും.
ആശ്രാമം ലിങ്ക് റോഡ്-നാലാംഘട്ടം
:ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം ഓലയിൽകടവുമുതൽ കടവൂർ പള്ളി ജങ്ഷൻവരെയുള്ള അനുബന്ധ അപ്രോച്ച് റോഡ് വികസിപ്പിക്കുന്നതിനുമായി 73.97 കോടി രൂപയുടെ പദ്ധതിക്ക് സാമ്പത്തികാനുമതി. ലക്ഷ്മിനട-തങ്കശ്ശേരി റോഡ്, സാമ്പ്രാണിക്കോടി പാലം, കടവൂർ പള്ളി ജങ്ഷൻ-പാണാമുക്കം പാലം, കൊച്ചുപിലാംമൂട് നിലവിലെ പാലത്തിനു സമാന്തരമായി പുതിയ പാലം എന്നിവയുടെ നിർമാണം ഉൾപ്പെടെയുള്ളവ വേഗത്തിലാക്കും.
മേവറം-കാവനാട്, റെയിൽവേ സ്റ്റേഷൻ-ഡീസന്റ് മുക്ക്, തിരുമുല്ലവാരം-കല്ലുപാലം-കച്ചേരി ജങ്ഷൻ എന്നിവ ഉൾപ്പെടുത്തി ആകെ 23.76 കിലോമീറ്റർ വരുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വേഗത്തിലാക്കും. കടപ്പാക്കട ജങ്ഷൻ നവീകരണത്തിന് അനുമതി. ആശ്രാമം ലിങ്ക് റോഡിന്റെ അപ്രോച്ച് റോഡായി ഉപയോഗിക്കുന്ന ഓലയിലെ റോഡുഭാഗത്ത് സ്ഥലമേറ്റെടുത്ത് റോഡിന്റെ വീതി കൂട്ടും. കൊല്ലം ബസ് സ്റ്റാൻഡ്-തിരുമുല്ലവാരം റോഡ് 11 മീറ്റർ വീതിയിൽ പുനർനിർമിക്കും.
ഭരണാനുമതി ലഭിച്ചവ
:കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലായി ഉൾപ്പെടുന്ന കല്ലുപാലം-ഇരവിപുരം-താന്നിമുക്ക്- മയ്യനാട് റോഡിന്റെ ശേഷിക്കുന്ന പ്രവൃത്തികൾ-39.85 കോടി രൂപയുടെ ഭരണാനുമതി, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ-15 കോടി. നിർദിഷ്ട ടെർമിനലിന്റെ സ്ഥാനം നിലവിലെ ഗാരേജിൽനിന്ന് കെ.എസ്.ആർ.ടി.സി.യുടെ നിലവിലുള്ള ഡിപ്പോ സ്ഥലത്തേക്ക് മാറ്റും. ഡിപ്പോ പ്രവർത്തനം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റും.വിക്ടോറിയ ആശുപത്രിയിൽ ജില്ലാ ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ വികസനം, ഭരണാനുമതി ലഭിച്ച പദ്ധതി തുടർനടപടികൾക്കായി സർക്കാരിന്റെ അംഗീകാരത്തിനും അധിക അനുമതിക്കുമായി സമർപ്പിച്ചു.കോടതിസമുച്ചയത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി പുതിയ കെട്ടിടം നിർമിക്കുന്ന പദ്ധതിക്ക് 78.20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി.പി.എസ്.സി.യുടെ റീജണൽ, ജില്ലാ ഓഫീസുകൾക്കായുള്ള പുതിയ കെട്ടിടനിർമാണത്തിന് 12.34 കോടി രൂപയുടെ ഭരണാനുമതി.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് 99.99 ലക്ഷം രൂപ
സർക്കാർ അതിഥിമന്ദിരം പൈതൃകകെട്ടിടത്തിന്റെ നവീകരണത്തിന് 6.75 കോടി രൂപയുടെ കരാർ നൽകി.
പെരുമൺ സഹകരണ എൻജിനിയറിങ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിന് 4.40 കോടി.
പെരുമൺ പാലം അടുത്തവർഷം
:അഷ്ടമുടിക്കായലിനു കുറുകേ പെരുമണിനെയും മൺറോത്തുരുത്തിനെയും ബന്ധിപ്പിക്കുന്ന പെരുമൺ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി 2027-ൽ സഞ്ചാരയോഗ്യമാകും.
കണ്ടച്ചിറ ചീപ്പ്-മുടന്തിയാരുവിള റോഡ് മന്ത്രിസഭയുടെ പരിഗണനയിൽ
:കൊല്ലം നിയോജകമണ്ഡലത്തിലെ കണ്ടച്ചിറ ചീപ്പ്-മുടന്തിയാരുവിള ജങ്ഷൻ റോഡ്, പെരുമൺ-തരിയൻമുക്ക്- പെരിനാട്-റെയിൽവേ ഓവർബ്രിഡ്ജ് റോഡ് എന്നിവയുടെ നിർമാണം സംബന്ധിച്ച വിഷയം മന്ത്രിസഭയിൽ വയ്ക്കാനും ലഭിച്ച ക്വാട്ട് തുക അംഗീകരിപ്പിച്ച് കരാർ ഉറപ്പിക്കാനും തീരുമാനിച്ചു. നിർമാണപ്രവർത്തിക്ക് ആറുതവണ ടെൻഡർ ചെയ്തിട്ടും ലഭിച്ചത് ഉയർന്ന ബിഡുകളാണ്, അതിനാൽ ആർക്കും കരാർ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ലഭിച്ചതിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന് വർക്ക് ഓർഡർ നൽകി നിർമാണം ആരംഭിക്കാനാണ് തീരുമാനം.
Published: 05 Nov 2026, 02:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented