കൊട്ടിയം : കൂട്ടിക്കടയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിയതോടെ നാട്ടുകാരുടെ ദുരിതം കൂടിവരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കും റെയിൽവേ വികസനത്തിനായി സ്ഥലം ഏറ്റെടുത്തിട്ട് ‘മരവിച്ച്’ കിടക്കുന്നതും ദുരിതത്തിന് ആക്കംകൂട്ടുന്നു.

To advertise here,

കോർപ്പറേഷനോടു ചേർന്നുകിടക്കുന്ന കൂട്ടിക്കട, ഏറെ ജനത്തിരക്കേറിയ കവലയാണ്. നാലു ഭാഗത്തുനിന്നുമുള്ള റോഡുകൾ സംഗമിക്കുന്നതും കൂട്ടിക്കടയിലെ വളവും കാരണം പലപ്പോഴും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അതിനൊപ്പം മണിക്കൂറുകളോളം റെയിൽവേ ഗേറ്റ് അടച്ചിടുന്നതോടെ കൂട്ടിക്കട നിശ്ചലമാകും.

പലപ്പോഴും അമ്മാച്ചൻമുക്ക്, അരിവാൾമുക്ക്, പീടികമുക്ക് വരെ വാഹനങ്ങളുടെ നിര നീളും. ഗേറ്റിനുള്ളിൽ വാഹനങ്ങൾ കുടുങ്ങുന്നതു കാരണം സിഗ്‌നൽ ലഭിക്കാതെ ട്രെയിനുകൾ ഗേറ്റിനു സമീപം നിർത്തിയിടേണ്ടിവരുന്നതും പതിവാണ്‌.

വർഷങ്ങളുടെ പരാതികൾക്കൊടുവിൽ, മേൽപ്പാലത്തിന് അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സ്ഥലം അളന്ന് മാപ്പിങ് പൂർത്തിയാക്കി. മേൽപ്പാലത്തിനായി സ്ഥലം ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികളൊന്നുമായില്ല. ഏറ്റെടുത്ത സ്ഥലത്തിന് പണം ലഭിക്കാതായതോടെ ജീവിതം വഴിമുട്ടി. സ്ഥലം ഏറ്റെടുത്തപ്പോൾത്തന്നെ വീടുകൾ മാറിപ്പോയവരുമുണ്ട്. ഇവർക്കൊന്നും ഇതുവരെയും ഏറ്റെടുത്ത വസ്തുവിന്റെ വിലപോലും ലഭിച്ചിട്ടില്ല. വസ്തുക്കൾ വിൽക്കാനുവാത്ത സ്ഥിതിയുമുണ്ട്.

ഇരവിപുരം, മയ്യനാട് വില്ലേജുകളിൽ ഉൾപ്പെട്ട 99.48 ആർസ് സ്ഥലമാണ് മേൽപ്പാലത്തിനായി ഏറ്റെടുക്കുക. 96,12,000 രൂപയാണ് നഷ്ടപരിഹാര ഇനത്തിൽ നൽകുക.

വീട് നഷ്ടമാകുന്നവർ, വാണിജ്യസ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർ, ചെറുകിടവ്യാപാരം ഇല്ലാതാകുന്നവർ, അവയിൽ ജോലിചെയ്തിരുന്നവർ എന്നിവർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം വരുന്നതിനു മുൻപ് മൂന്നു വർഷത്തിലധികമായി ഇവിടെ തുടരുന്നവർക്കാണ് നഷ്ടപരിഹാരത്തിന് അർഹത.

ആക്‌ഷൻ കൗൺസിൽ രൂപവത്കരിച്ചു

: മേൽപ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപവത്കരിച്ചു. ഭാരവാഹികളായി ജെ. സതീഷ് കുമാർ(കൺവീനർ), എസ്. ഷബീർ(ചെയ.), വിജയകുമാർ(ട്രഷ.), നാസർ അനസ് തങ്ങൾ, സജാദ്, സഹീർ(വൈസ് ചെയ.), നബീൽ, അഫ്സൽ, ഇക്ബാൽ(ജോ. കൺ.).