കരിങ്കുന്നം : പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും മലിനീകരണം സൃഷ്ടിക്കുന്ന ഓറഞ്ച് കാറ്റഗറിയിൽപ്പെട്ട പ്ലൈവുഡ് കമ്പനികൾക്കെതിരേ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കരിങ്കുന്നം എസ്.ബി.ഐ.ക്ക് സമീപത്തുനിന്ന് ആരംഭിച്ച റാലിക്ക് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സെയ്ന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഷാജി മോളയിൽ, സന്യാസിനിമാർ, സംയുക്തസമരസമിതി നേതാക്കൾ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ, ആശാ-അങ്കണവാടി പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
വഴിത്തല ശാന്തിഗിരി കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികളും മാതാപിതാക്കൾക്ക് ഒപ്പമെത്തിയ വിവിധ സ്കൂളുകളിലെ കുട്ടികളും പ്രകടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന വിശദീകരണയോഗം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോൺ അധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി കോഡിനേറ്റർ നോബിൾ ഡൊമിനിക് സ്വാഗതവും ജോയൽ മുല്ലക്കരി വിഷയവതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഫിലിപ്പ്, ഫാ. ഷാജി മോളയിൽ എന്നിവർ സംസാരിച്ചു.
വ്യവസായങ്ങൾക്കെതിരേയല്ല ഈ സമരമെന്നും എന്നാൽ ജനവാസമേഖലയിൽ മലിനീകരണം സൃഷ്ടിക്കുന്നതും വ്യവസായ സോണുകളിൽ മാത്രം പ്രവർത്തിക്കേണ്ടതുമായ ഇത്തരം കമ്പനികളുടെ കടന്നുകയറ്റത്തെയാണ് എതിർക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. ഫോർമാൽഡിഹൈഡ് പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം മൂലം ജലം, മണ്ണ്, വായു എന്നിവ മലിനമാകുക, മാരകരോഗങ്ങൾ ഉണ്ടാകുക, പൊടിയും ശബ്ദവും മൂലം മാനസിക സമ്മർദ്ദവും കുട്ടികളിൽ പഠന വൈകല്യങ്ങളും ഉണ്ടാവുക, മലങ്കര ഡാം മുതൽ മൂവാറ്റുപുഴയാർ വരെയുള്ള ജലസ്രോതസ്സുകൾ മലിനമാകുക, ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വർധിക്കുക തുടങ്ങിയ ആശങ്കകൾ യോഗം പങ്കുവെച്ചു.
ജനവാസമേഖലകളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ മനസ്സിലാക്കി സർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തണമെന്നും ആഘാത പഠനം നടത്തണമെന്നും സമരസമിതി നേതാക്കളായ ടോമി കല്ലേൽ, തോമസ് വെട്ടുകല്ലേൽ, ബേബി തുടിയൻപ്ലാക്കൽ, മിനി പൂതക്കാട്ട്, ജോയ് കിഴക്കേമന എന്നിവർ ആവശ്യപ്പെട്ടു.
ജെറി തട്ടമറ്റം സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച കരിങ്കുന്നത്ത് കട- കമ്പോളങ്ങളും സ്ഥാപനങ്ങളും പൂർണമായും അടച്ചിട്ട് വ്യാപാരികളും ജനങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
Published: 06 Nov 2026, 01:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented