സ്വന്തം കെട്ടിടം ഉണ്ടായിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തനം
പത്തനാപുരം :എട്ടുമാസംമുൻപ് നിർമാണം പൂർത്തിയാക്കിയ പട്ടാഴി തെക്കേത്തേരി കുടുംബാരോഗ്യ ഉപകേന്ദ്രം തുറക്കുന്നത് വൈകുന്നു. വാടകക്കെട്ടിടത്തിലെ കുടുസ്സുമുറിയിൽ അസൗകര്യങ്ങൾക്കു നടുവിലാണ് ഇപ്പോൾ ഉപകേന്ദ്രം പ്രവർത്തനം.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഒട്ടേറെപ്പേർ ആശ്രയിക്കുന്ന ഫാമിലി സബ് സെന്ററാണിത്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങണമെന്ന ആവശ്യത്തിന്മേൽ അധികൃതർക്ക് അനങ്ങാപ്പാറ നയമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 17 ലക്ഷം രൂപയുടെ എം.എൽ.എ. ഫണ്ട് വിനിയോഗിച്ചാണ് പുതിയ കെട്ടിടം പണിതീർത്തത്. ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് സ്‌ഥലത്തെ പഴക്കംചെന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിച്ചത്. ഉടൻ പ്രവർത്തനം തുടങ്ങുമെന്ന ധാരണയിൽ സെന്റർ വാടകക്കെട്ടിടത്തിലേക്കും മാറ്റി.
പഴയ കെട്ടിടത്തിലുണ്ടായിരുന്ന ഫർണിച്ചർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വ്യക്തിയുടെ വീട്ടിലെ മുറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാലതാമസം വന്നതോടെ ഇവ ഇവിടെനിന്ന് മാറ്റണമെന്ന ആവശ്യവുമായി വീട്ടുടമ അധികൃതരെ സമീപിച്ചിട്ടുണ്ട്. സ്വന്തം കെട്ടിടമുണ്ടായിട്ടും മാസങ്ങളായി പഞ്ചായത്ത് വാടകകൊടുത്താണ് നിലവിൽ ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെയാകട്ടെ നിന്നുതിരിയാൻ ഇടമില്ലാത്തതിനാൽ നാട്ടുകാരും ആരോഗ്യപ്രവർത്തകരും ബുദ്ധിമുട്ടുന്നു.
കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കേണ്ട ദിവസം തിരക്കേറുന്നതിനാൽ സമീപത്തെ കരയോഗക്കെട്ടിടത്തിൽ പ്രവർത്തനം മാറ്റും. പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങാൻ വൈകിയതോടെ പരിസരമെല്ലാം വ്യത്തിഹീനമായനിലയിലാണ്. കിണറാകട്ടെ ഉപയോഗശൂന്യവും. പുതിയ ശൗചാലയത്തിന്റെ പൂട്ട് തകർത്തതായും പരിസരം വൃത്തികേടാക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്.
വർഷങ്ങളായുള്ള വാട്ടർ കണക്‌ഷൻ, തുക അടയ്ക്കാത്തതിനാൽ ജല അതോറിട്ടി വിച്ഛേദിച്ചനിലയിലാണെന്നും ഇതു പുനഃസ്ഥാപിച്ചശേഷം കെട്ടിടം ഉദ്ഘാടനം ചെയ്ത് ഉപകേന്ദ്രം ഇവിടേക്കു മാറ്റുമെന്നും വാർഡ് അംഗം സതീഷ് അറിയിച്ചു. കെട്ടിടനിർമാണവേളയിൽ പൊളിച്ച മതിൽ പുനർനിർമിക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങൾമൂലമാണ് പ്രവർത്തനം വൈകുന്നതെന്നും അറിയിച്ചു.
Published: 05 Nov 2026, 02:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented