ആനക്കര : കർഷകർ സ്വന്തം ചെലവിൽ നിർമിച്ച താത്കാലിക തടയണ ശക്തമായ മഴയെത്തുടർന്ന് പൊളിച്ചുമാറ്റേണ്ടിവന്നതോടെ പോട്ടൂർ പാടശേഖരത്തിലെ രണ്ടാംവിള കൃഷി വീണ്ടും ജലക്ഷാമത്തിൽ. തടയണയിൽ സംഭരിച്ചിരുന്ന വെള്ളം ഒഴുകിപ്പോയതോടെ പാടശേഖരങ്ങൾ വറ്റിയ നിലയിലാണ്. മഴ മാറിനിന്നതോടെ കർഷകർ വീണ്ടും സ്വന്തം ചെലവിൽ താത്കാലിക തടയണ നിർമിക്കാനുള്ള ശ്രമത്തിലാണ്.

To advertise here,

ഏകദേശം 25 ഏക്കറിലാണ് ഇവിടെ രണ്ടാംവിള നെൽക്കൃഷി. നട്ട് 12 ദിവസംമാത്രം പ്രായമായ നെൽച്ചെടികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കേണ്ട സമയമാണിത്. പാടശേഖരങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് കർഷകരെ ആശങ്കയിലാക്കി. തോട്ടിലൂടെ വെള്ളത്തിന്റെ ഒഴുക്ക് വളരെ കുറഞ്ഞതിനാൽ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിർത്താൻ കഴിയുന്നില്ല.

കഴിഞ്ഞദിവസങ്ങളിൽ പാടശേഖരത്തിൽ ഒന്നാംഘട്ട വളപ്രയോഗവും നടത്തിയിരുന്നു. വെള്ളമില്ലാത്തതിനാൽ വളം വിളകളിൽ ഫലപ്രദമായി എത്തുന്നില്ലെന്നാണ് കർഷകരുടെ പരാതി. വെള്ളം ലഭിക്കേണ്ട സമയത്ത് ജലക്ഷാമം തുടർന്നാൽ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനും സംഭരിച്ചുനിർത്തുന്നതിനുമായാണ് കർഷകർ സ്വന്തം ചെലവിൽ പൊറ്റയിൽ തോട്ടിൽ താത്‌കാലിക തടയണ നിർമിച്ചത്. ദിവസങ്ങൾക്കുമുൻപുണ്ടായ ശക്തമായ മഴയിൽ തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് തടയണ പൊളിച്ചുമാറ്റാൻ കർഷകർ നിർബന്ധിതരായത്. ഇതിനിടെ, ആനക്കര ഭാഗത്ത് തോട് പൊട്ടിയതിനെത്തുടർന്ന് വെള്ളം ചോർന്നുപോകുന്നതും പോട്ടൂർ ഭാഗത്തെ ജലലഭ്യത കുറയാൻ കാരണമാകുന്നുണ്ട്.

തോട്ടിലൂടെയെത്തുന്ന വെള്ളത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നതിനാൽ പാടശേഖരത്തിലേക്ക് ആവശ്യമായ അളവിൽ വെള്ളമെത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്.  വെള്ളം സംഭരിക്കാനും ആവശ്യാനുസരണം തുറന്നുവിടാനും കഴിയുന്ന രീതിയിൽ തോട്ടിൽ സ്ഥിരംതടയണ നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.