തെന്മല : തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ തെരുവുനായ്ക്കളും കുരങ്ങുകളും വർധിച്ചിട്ടും നടപടിയില്ല.

To advertise here,

ദേശീയപാതയോരത്തും കവലകളിലും ഇടറോഡുകളിലും സദാസമയവും തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്. കഴിഞ്ഞദിവസം തെന്മല ഡാം കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുസമീപംനിന്ന യുവതിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു. കടിക്കാൻശ്രമിച്ചെങ്കിലും തൊട്ടടുത്തുണ്ടായിരുന്നവർ ഒച്ചവെച്ച് നായെ ഒാടിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു.

തെന്മല ഡാം കവലയിൽ ഇരുപതോളം തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. രാത്രിയും പകലും ഇവ ഒരുപോലെ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്. തെന്മല കല്ലട അണക്കെട്ട്‌, ശെന്തുരുണി വന്യജീവിസങ്കേതം, തെന്മല ഇക്കോടൂറിസം എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ഇവ ഭീഷണിയാകുന്നുണ്ട്. ചിലർ തെരുവുനായകളെ സംരക്ഷിക്കുന്നതാണ് ഇവ പ്രദേശത്തുനിന്ന് വിട്ടുമാറാത്തതിനു കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അതിനൊപ്പമാണ് തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളുടെ എല്ലായിടത്തും കുരങ്ങുശല്യം വർധിക്കുന്നത്.

തെന്മല ഡാം കവലയിലും പരിസരങ്ങളിലും വിദ്യാർഥികളെ ഉൾപ്പെടെ കുരങ്ങുകൾ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. പലപ്പോഴും ഇവയുടെ കടിയേൽക്കാതെ ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. ഉറുകുന്ന്, ഇടമൺ മേഖലയിൽ രണ്ടുമാസത്തോളമായി കുരങ്ങുശല്യം വർധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഉറുകുന്ന്, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ കുരങ്ങുകൾ കൂട്ടമായെത്തുകയാണ്. ഇവ കാർഷികമേഖലയ്ക്ക് വൻ നാശമാണുണ്ടാക്കുന്നത്.

രണ്ടരപ്പതിറ്റാണ്ടായി അച്ചൻകോവിൽ ഉൾപ്പെടുന്ന തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ കുരങ്ങുശല്യംമൂലം നാട്ടുകാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. മറ്റിടങ്ങളിൽനിന്ന് കൊണ്ടുവിട്ട കുരങ്ങുകൾ ജനവാസമേഖലയിൽതന്നെ തമ്പടിക്കുകയും ഇവരുടെ പിന്തുടർച്ചക്കാർ വീടുകളിലും കടകളിലുമെല്ലാം അതിക്രമിച്ചുകയറി ആഹാരസാധനങ്ങളെടുക്കുകയുമാണ്.

ഓട്, ആസ്ബസ്റ്റോ‌സ് എന്നിവമേഞ്ഞ വീട്ടിൽക്കയറി വൻ നാശനഷ്ടമുണ്ടാക്കുന്നു. ഇവമൂലം കാർഷികമേഖല പൂർണമായും തകർന്നിട്ടും വനംവകുപ്പ് സംരക്ഷിത വന്യജീവിയെന്ന പരിഗണനനൽകി കൂടുതൽ നടപടികളിലേക്ക് കടക്കുന്നില്ല.

അതിനാൽ സർക്കാർതലത്തിൽ കുരങ്ങുകളുടെയും തെരുവുനായ്ക്കളുടെയും വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.