ചെങ്ങന്നൂർ : സെപ്റ്റംബറിൽത്തന്നെ പൊള്ളുന്ന ചൂടായതോടെ നദികളിലെയും മറ്റു ജലസ്രോതസ്സുകളിലെയും ജലനിരപ്പ് അതിവേഗം താഴുന്നു. ഒരുമാസം മുൻപുണ്ടായ പ്രളയത്തിൽ കരകവിഞ്ഞ പമ്പയിലെയും കൈവഴികളിലെയും ജലം എവിടെപ്പോയെന്ന ചോദ്യമാണ്‌ ഉയരുന്നത്. ജലനിരപ്പ് അതിവേഗം കുറയുമ്പോൾ കുടിവെള്ളം നേരത്തേ മുട്ടുമോയെന്ന ചോദ്യമുയരുന്നു. തുലാമഴകൂടി ചതിച്ചാൽ കുടിവെള്ളക്ഷാമം നേരത്തേയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. അതേസമയം ചെങ്ങന്നൂർ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾ ഇഴയുകയാണ്.

To advertise here,

ചെങ്ങന്നൂർ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിടുന്ന ജോലിയും ജലസംഭരണികളുടെ നിർമാണവുമാണ് നടക്കുന്നത്. എന്നാൽ, പൈപ്പുകളിടുന്നത് 50 ശതമാനം മാത്രമാണ് പൂർത്തിയായത്. സംഭരണികളിൽ ചെങ്ങന്നൂർ മലയിലേത് ഏകദേശം പൂർത്തിയായി. ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലാണ്. അമൃത് കുടിവെള്ള പദ്ധതി പ്രകാരം ചെങ്ങന്നൂർ നഗരത്തിൽ ഗാർഹിക കണക്‌ഷൻ നൽകുന്നുണ്ട്. എന്നാൽ, വെള്ളം എത്തിയില്ല. വെള്ളമെത്തണമെങ്കിൽ മലയിൽ ജലസംഭരണിയുടെ പണി പൂർത്തിയാക്കി വിതരണ ലൈനുകൾ സ്ഥാപിച്ചെങ്കിൽ മാത്രമേ സാധ്യമാകൂ. ഇതിന്‌ ഇനിയും സമയമെടുക്കും. വെൺമണി, ആലാ, മുളക്കുഴ എന്നീ പഞ്ചായത്തുകളിൽ പൈപ്പുകളിടുന്നതും സംഭരണികളുടെ നിർമാണവും വിവിധ ഘട്ടങ്ങളിലാണ്. 15 ലക്ഷം ലിറ്ററിന്റെ സംഭരണികളാണ് നിർമിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ 200 കോടിയുടേതാണ് ചെങ്ങന്നൂർ കുടിവെള്ള പദ്ധതി.

ചൂടുയരുമ്പോൾ ഏറ്റവും ആദ്യം ജലക്ഷാമമുണ്ടാകുന്നത് ചെങ്ങന്നൂർ നഗരസഭാ പ്രദേശത്താണ്. നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ വെള്ളം എത്തുന്നില്ലെന്ന പരാതി വളരെക്കാലമായിട്ടുണ്ട്. ഉപഭോഗം വർധിക്കുമ്പോൾ രണ്ടു മേഖലകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും കുടിവെള്ളവിതരണം നടത്തുന്നത്. സാധാരണ നഗരപ്രദേശത്ത് ജനുവരി ആദ്യംമുതൽ കുടിവെള്ളവിതരണം നടത്താറുണ്ട്. മഴ പെയ്തില്ലെങ്കിൽ നേരത്തേ വെള്ളം വിതരണം നടത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.