കെട്ടഴിഞ്ഞ വള്ളം തിരികെയെത്തിക്കാൻ ശ്രമം
കൊല്ലം : കെട്ടഴിഞ്ഞ് കടലിൽ ഒഴുകിപ്പോയ വള്ളം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികളുടെ മറ്റൊരു വള്ളം മറിഞ്ഞു. കടലിൽവീണ അഞ്ച് മത്സ്യത്തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കൊല്ലം ബീച്ചിനു സമീപത്താണ് സംഭവം.
മൂതാക്കര സ്വദേശി ജനാലസിന്റെ ജെസ്സിമോൾ എന്ന വള്ളമാണ് കെട്ടഴിഞ്ഞ് കടലിലേക്കു പോയത്. മൂതാക്കരയിൽ കെട്ടിയിട്ടിരുന്ന വള്ളം കൊല്ലം ബീച്ച് ഭാഗത്തേക്കാണ് ഒഴുകിപ്പോയത്.
തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും വിവരമറിഞ്ഞെത്തിയ പള്ളിത്തോട്ടം പോലീസും വള്ളം കരയ്ക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും തിര ശക്തമായതിനാൽ സാധിച്ചില്ല. തുടർന്ന് ജനാലസിനെ വിവരമറിയിച്ചെങ്കിലും അദ്ദേഹം മറ്റൊരു വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയിരിക്കുകയായിരുന്നു.
ജനാലസ് വിവരമറിയിച്ചതനുസരിച്ചാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സെയ്ന്റ് ആന്റണീസ് എന്ന വള്ളത്തിൽ ഇവിടേക്ക് എത്തിയത്. റോപ്പ് ഉപയോഗിച്ച് വള്ളം കെട്ടിവലിക്കാനുള്ള ശ്രമത്തിനിടെ രണ്ടു വള്ളങ്ങളും മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾ ബീച്ചിലേക്ക് നീന്തിരക്ഷപ്പെട്ടു.
എൻജിൻ തകരാറിലായി ബോട്ട് കടലിൽ കുടുങ്ങി
കൊല്ലം : തങ്കശ്ശേരി ഭാഗത്ത് എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടിൽനിന്ന് 11 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനിടെയാണ് കഴിഞ്ഞദിവസം അനുമോൾ-1 എന്ന ബോട്ട് കടലിൽ കുടുങ്ങിയത്. തൊഴിലാളികൾ നീണ്ടകര ഫിഷറീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതനുസരിച്ച് ഫിഷറീസ് റെസ്‌ക്യൂ ബോട്ടിന്റെ സഹായത്തോടെ കുടുങ്ങിയ ബോട്ടും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ശക്തികുളങ്ങര ഹാർബറിൽ എത്തിച്ചു. ജി.എ.എസ്.ഐ. പ്രദീപ്, ലൈഫ് ഗാർഡുമാരായ റോയ്, തോമസ്, സീ ഗാർഡ് ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Published: 09 Sept 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented