തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം;

To advertise here,

വ്യാപാരികൾ മാർച്ച് നടത്തി

ആലപ്പുഴ : വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ലെന്നും അങ്ങനെയുണ്ടായാൽ വൻ പ്രതിഷേധം നേരിടേണ്ടിവരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്‌സര പറഞ്ഞു. വഴിയോരക്കച്ചവടക്കാരെ മുല്ലയ്ക്കൽ മുതൽ കൈചൂണ്ടിവരെയുള്ള വ്യാപാരസ്ഥാപനങ്ങൾക്കടുത്ത് പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരേ കേരള വ്യാപാരി വ്യവസായി സമിതി ടൗൺ കോഡിനേഷൻ കമ്മിറ്റി നഗരസഭയിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഴിയോരക്കച്ചവട പുനരധിവാസ വിഷയത്തിൽ നഗരസഭാ കൗൺസിൽ തീരുമാനം പുനഃപരിശോധിക്കണം. വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിന് തങ്ങൾ എതിരല്ല. എന്നാൽ തിരക്കേറിയ, മതിയായ പാർക്കിങ്‌ സൗകര്യമില്ലാത്ത, വഴിയാത്രികർക്ക് നടക്കാൻപോലും കഴിയാത്ത റോഡിലാണ് വ്യാപാരികളെ പുനരധിവസിപ്പിക്കാൻ പോകുന്നത്. കയർ ഫാക്ടറികളും വ്യവസായശാലകളും അന്യംനിന്നുപോയ ആലപ്പുഴയിൽ ആകെ പ്രതീക്ഷയുള്ളതു കടലും കായലും വഴിയുള്ള ടൂറിസവും വ്യാപാരവുമാണ്. ആ സാധ്യതയുടെ കടയ്ക്കൽ കത്തിവെക്കാനാണ് പുതിയ തീരുമാനം. വേണ്ടിവന്നാൽ ഈ വിഷയത്തിൽ നീതി തേടി സുപ്രീം കോടതിവരെ പോകുമെന്നും രാജു അപ്സര പറഞ്ഞു.

സംസ്ഥാന സെക്രട്ടറി വി. സബിൽരാജ്, ജില്ല ട്രഷറർ ജേക്കബ് ജോൺ, കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, സുനീർ ഇസ്മയിൽ, നസീർ പുന്നക്കൽ, സാലി ജേക്കബ്, റോയ് പാലത്ര, എ. മോഹൻ, ടോമി പുലിക്കാട്ടിൽ, ബെന്നി നാഗപറമ്പിൽ, എൻ.പി. രാജ എന്നിവർ പ്രസംഗിച്ചു.

നഗരസഭാധ്യക്ഷയെ പൂതനയെന്നു വിളിച്ച് വ്യാപാരി നേതാവ്

ആലപ്പുഴ : നഗരസഭാധ്യക്ഷയെ പൂതനയെന്നു വിളിച്ച് വ്യാപാരിനേതാവ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നഗരസഭയിലേക്കു നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം നിർവഹിച്ച സംസ്ഥാനപ്രസിഡന്റ് രാജു അപ്സരയാണ് നഗരസഭാധ്യക്ഷ മോളിജേക്കബിനെ പരസ്യമായി അധിക്ഷേപിച്ചത്.

ഭരണാധികാരി നഗരത്തെ വിൽക്കാൻ തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായപ്പോൾ കോടികൾ കോഴ കൊടുത്ത് കൗൺസിലറെ വിലക്കെടുക്കുകയും ആ കോഴയ്‌ക്ക് ഇരട്ടി കോഴ ഉണ്ടാക്കാൻ വേണ്ടി പരിശ്രമിക്കുന്ന ‘പൂതന’യായ മോളി ജേക്കബിനോട് എനിക്ക് പറയാനുള്ളത് ആലപ്പുഴക്കാരുടെ വീര്യം നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. അഭിമാനികളാണ് ആലപ്പുഴക്കാർ. ഒരുമര്യാദകേട് പെരുമാറിയാൽ നിങ്ങളെ വീട്ടിലിരുത്താൻ ആലപ്പുഴക്കാർക്ക് അര സെക്കൻഡ് പോലും വേണ്ട. മോളി ജേക്കബിന് രാഷ്ട്രീയ പക്വതയില്ല. അതിനാൽ രാഷ്ട്രീയ പക്വതയുള്ള നേതാക്കന്മാരുമായി ചർച്ച നടത്തി നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.