മിക്കഭാഗങ്ങളിലും വെള്ളം കിട്ടുന്നില്ല
ശാസ്താംകോട്ട : ശാസ്താംകോട്ടയിലെ പഴയ ജലശുദ്ധീകരണശാല അടച്ചുപൂട്ടിയതോടെ പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. പകരം സംവിധാനം ഒരുക്കിയിട്ടുമില്ല.
ഒരു വർഷമായി ശാസ്താംകോട്ടയിൽനിന്നുള്ള ജലവിതരണം കാര്യക്ഷമമല്ല. കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ ജനജീവിതം ദുരിതത്തിലായി. അറ്റകുറ്റപ്പണിയുടെയും വൈദ്യുതിമുടക്കത്തിന്റെയും പേരിൽ ശാസ്താംകോട്ടയിൽനിന്നുള്ള കുടിവെള്ളവിതരണം മുടങ്ങുന്നതിനുപിന്നാലെയാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിയും.
ഭൂരിഭാഗം പഞ്ചായത്തുകളിലെയും പൊതുപൈപ്പുകളെ ആശ്രയിക്കുന്നവർക്ക് കുടിവെള്ളം മുട്ടുന്നത് പതിവായി. ഭരണിക്കാവ് ഭാഗത്തേക്ക് പമ്പിങ്ങിനായി വെച്ച 50 എച്ച്.പി. മോട്ടോറിൽ വേണ്ടത്ര മർദം ഇല്ലാത്തതിനാൽ മുതുപിലാക്കാട് ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് വെള്ളമെത്തുന്നില്ല.
പഴയ ശുദ്ധീകരണശാല പൂട്ടിയത് വിനയായി
കിഴക്കുഭാഗത്ത് പ്രവർത്തിച്ചിരുന്ന പഴയ ശുദ്ധീകരണ പ്ലാന്റിൽനിന്നുള്ള ജലവിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, തേവലക്കര, പടിഞ്ഞാറെ കല്ലട തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം വിതരണംചെയ്തിരുന്നത് ഈ പ്ലാന്റിൽനിന്നായിരുന്നു.
ദിനംപ്രതി 22.5 ദശലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് വിതരണംചെയ്തിരുന്ന പ്ലാന്റാണ് അടച്ചുപൂട്ടിയത്. 1968-ൽ പ്രവർത്തനം തുടങ്ങിയ പ്ലാന്റ് അടുത്താകാലം വരെ നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. ചോർച്ചകാരണമാണ് അടച്ചതെന്നും നവീകരണം ചെലവേറിയതുമാണെന്നുമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
നവീകരിച്ചാൽ പ്രതിസന്ധി തീരും
ആദ്യത്തേതും ബലവത്തുമായ പ്ലാന്റ് നവീകരിച്ചാൽ തീരാവുന്ന പ്രശ്‌നമാണ് നിലവിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അരക്കോടി രൂപ ചെലവുവരുമെന്ന് കാണിച്ച് നവീകരണത്തിന് തടയിടാൻ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.
ഞാങ്കടവ് പദ്ധതി പൂർത്തിയായാലും വിതരണശേഷി കൂട്ടാൻ മോട്ടോർ ഉൾപ്പെടെ സംവിധാനം ശാസ്താംകോട്ടയിലില്ല. അതിനാൽ പ്രതിസന്ധി അന്നും തീരില്ല. പൂട്ടിയ പ്ലാന്റ് നവീകരിച്ച് ബദൽ സംവിധാനമേർപ്പെടുത്തുകയാണ് ഏക മാർഗമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.
Published: 06 Oct 2026, 01:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented